ജിദ്ദ: മലയാളത്തിന്റെ പ്രിയ കവയിത്രി സുഗതകുമാരി ടീച്ചറുടെ സ്മരണാര്‍ത്ഥം മലയാളം മിഷന് നടത്തിവരുന്ന സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സര ഫൈനലില്‍ സൗദിയില്‍ നിന്നുള്ള സൗപര്‍ണിക അനില്‍ (ദമാം) സബ്ജൂനിയര് വിഭാഗത്തിലും നേഹ പുഷ്പരാജ് (റിയാദ്) സീനിയര്‍ വിഭാഗത്തിലും വിജയികളായി ഗ്രാന്‍ഡ് ഫിനാലെയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. എഴുപതോളം രാജ്യങ്ങളില്‍ നിന്നും 26 ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ചാപ്റ്റര്‍ തല വിജയികളില്‍ നിന്നാണ് ഇവര്‍ ഗ്രാന്‍ഡ് ഫിനാലെയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
ലോക മാതൃഭാഷാ ദിനമായ ഫെബ്രുവരി 21 ന് തിരുവനന്തപുരത്ത് സുഗതാഞ്ജലി ഗ്രാന്‍ഡ് ഫിനാലെ നടത്തുമെന്ന് മലയാളം മിഷന് ഡയറക്ടര്‍ മുരുകന് കാട്ടാക്കട അറിയിച്ചു. മലയാളത്തിലെ പ്രമുഖ കവികളടങ്ങിയ വിധിനിര്‍ണ്ണയ സമിതിയാണ് ഫൈനല്‍ മത്സര വിജയികളെ തെരഞ്ഞെടുത്തത്. ഗ്രാന്‍ഡ് ഫിനാലെയിലെ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്ന വിജയികള്‍ക്ക് മലയാളം മിഷന് ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റുകളും സമ്മാനിക്കും.
റിയാദ് ഇന്ത്യന്‍ എംബസിയിലെ ഉദ്യോഗസ്ഥനായ പുഷ്പരാജിന്റെയും സന്ധ്യ പുഷ്പരാജിന്റെയും മകളായ നേഹ റിയാദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.അല്‍ജുബൈല്‍ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ സൗപണിക വെസ്റ്റ്ലൈന്‍ കോര്‍പ്പറേറ്റ് കമ്പനിയിലെ ബിസിനസ് ഡെവലപ്പ് മെന്റ് ഓഫീസറായ അനില്‍ കുമാറിന്റെയും അധ്യാപികയായ രെഹ്ന അനിലിന്റെയും മകളാണ്. ഇരുവരും മലയാളം മിഷന് സൗദിഅറേബ്യ ചാപ്റ്ററിനു കീഴിലുള്ള പഠനകേന്ദ്രങ്ങളിലെ കണിക്കൊന്ന സര്‍ട്ടിഫിക്കറ്റ് കോഴ്സ് പഠിതാക്കളാണ്.
![]()
