ദമാം: ഒ ഐ സി സി ദമാം റീജ്യണല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഡോ. മന്മോഹന് സിംഗ് അനുശോചന യോഗം സംഘടിപ്പിച്ചു. റീജ്യണല്‍ പ്രസിഡന്റ് ഇ കെ സലീമിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ നാഷണല്‍ പ്രസിഡന്റ് ബിജു കല്ലുമല മുഖ്യ അനുസ്മരണ പ്രഭാഷണം നിര്‍വഹിച്ചു. യോഗത്തില്‍ കിഴക്കന്‍ പ്രവിശ്യയിലെ വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക സംഘടനാ പ്രതിനിധികള്‍ പങ്കെടുത്തു.
ഇന്ത്യയുടെ സാമ്പത്തിക-സാമൂഹിക രംഗങ്ങളില്‍ ഡോ. മന്മോഹന് സിംഗ് നല്കിയ സംഭാവനകള്‍ വിലമതിക്കാനാകാത്തതാണ്. ഡോ. സിംഗ് സാമ്പത്തിക ശാസ്ത്രം, നയതന്ത്രം, രാഷ്ട്രീയശാസ്ത്രം എന്നിവയില്‍ സമന്വയിച്ച പ്രോജ്വല പ്രൗഢിയായിരുന്നു. സാമ്പത്തിക ഉദാരവല്‍ക്കരണം വഴി രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധിയെ മറികടന്ന് ജനങ്ങള്‍ക്ക് മാന്യമായ ജീവിതം ഉറപ്പാക്കിയ ഈ സാമ്പത്തിക ശാസ്ത്രജ്ഞനെ ചരിത്രം ഇന്ത്യയുടെ മികച്ച പ്രധാനമന്ത്രിമാരില്‍ ഒരാളായി എന്നും വിലയിരുത്തും.
1990-കളിലെ സാമ്പത്തിക വിപ്ലവ പ്രക്രിയകളിലൂടെ ഇന്ത്യയെ ആഗോള വേദിയില്‍ ഒരു പ്രധാന ശക്തിയായി ഉയര്‍ത്തിയതില്‍ അദ്ദേഹത്തിന്റെ പങ്ക് അത്യന്തം വിലമതിക്കത്തക്കതാണ്. വിപണി അധിഷ്ഠിത വളര്‍ച്ചയുടെ ശക്തിയില്‍ വിശ്വാസമുണ്ടായിരുന്ന അദ്ദേഹത്തിന്റെ സാമ്പത്തിക പരിഷ്കാരങ്ങള്‍ ദാരിദ്ര്യം കുറയ്ക്കുകയും സാധാരണ ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുകയും ചെയ്തു.
യുപിഎ സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ അദ്ദേഹം നടപ്പിലാക്കിയ മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതി, വിവരാകാശ നിയമം, വിദ്യാഭ്യാസ അവകാശ നിയമം, ആദിവാസികള്‍ക്കും വനവാസികള്‍ക്കും വനഭൂമി അവകാശം നല്കിയ നിയമം എന്നിവയെല്ലാം ഇന്ത്യയിലെ സാധാരണ ജനങ്ങള്‍ക്ക് പ്രയോജനം നല്കിയ വികസനങ്ങള്‍ ആയിരുന്നു.
നരേന്ദ്ര മോദി നടപ്പാക്കിയ നോട്ടു നിരോധന നടപടിക്കെതിരെ ഡോ. മന്മോഹന് സിംഗ് പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗം രാജ്യത്തിന്റെ രാഷ്ട്രീയ-സാമ്പത്തിക ചരിത്രത്തിലെ ഏറെ പഠനയോഗ്യമായ പ്രസംഗങ്ങളിലൊന്നാണ്. നോട്ടു നിരോധന കാര്യത്തില്‍ അദേഹത്തിന്റെ വിലയിരുത്തല്‍ ശരിയാണെന്ന് അതിവേഗം തെളിയിക്കപ്പെട്ടു.
സാമ്പത്തിക കഴിവിന് പുറമേ രാജ്യതന്ത്രജ്ഞനായ ഡോ. സിംഗ് രാജ്യാന്തര വേദികളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച മാതൃകാപരമായ നേതാവായും അംഗീകരിക്കപ്പെട്ടിരുന്നു. വ്യക്തിപരമായ ഒരു നേട്ടത്തിന് പോലും തീരെ ശ്രമിക്കാത്ത രാഷ്ട്രീയ നേതാവായിരുന്ന അദ്ദേഹം. പ്രതിസന്ധികളില്‍ പോലും അദ്ദേഹത്തിന്റെ ആശയങ്ങളില്‍ ഉറച്ചുനിന്നു. 2004 മുതല്‍ 2014 വരെ സേവനമനുഷ്ഠിച്ച പതിനാലാമത് പ്രധാനമന്ത്രിയുടെ പദവിയില്‍ അദ്ദേഹം വര്‍ഗീയതയ്ക്ക് അതീതമായ ഭരണം പ്രദാനം ചെയ്യുകയും സമഗ്ര ജനപക്ഷ നയങ്ങളുമായി ഭരണനേതൃത്വം നല്‍കുകയും ചെയ്തു.
വിപ്ലവകരമായ സാമ്പത്തിക നയങ്ങളും സാമൂഹിക പദ്ധതികളുമായി അദേഹം രാജ്യത്തെ ദശകങ്ങളോളം സ്വാധീനിച്ച മഹാനായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം രാജ്യത്തിനും രാഷ്ട്രീയ രംഗത്തിനും തീരാ നഷ്ടമായി മാറുന്നു എന്ന് അനുശോചന പ്രസംഗം നിര്‍വഹിച്ചവര്‍ അഭിപ്രായപ്പെട്ടു.
റീജ്യണല്‍ ജനറല്‍ സെക്രട്ടറി പാര്‍വ്വതി സന്തോഷ് അനുശോചന പ്രമേയം അവതരിപ്പിച്ചു. ബഷീര്‍ വാരോട് (നവോദയ), മുഹമ്മദ് കുട്ടി കോഡൂര്‍ (കെ എം സി സി), ഷാജി മതിലകം (നവയുഗം), അല്ബിന് ജോസഫ് (ലോക കേരള സഭാംഗം), ഷബീര്‍ ചാത്തമംഗലം (പ്രവാസി വെല്‍ഫയര്‍), മുജീബ് കളത്തില്‍ (ജയ്ഹിന്ദ്), നൗഷാദ് ഇരിക്കൂര്‍ (മീഡിയ വണ്‍), ലിബി ജയിംസ് (ഒ ഐ സി സി വനിതാവേദി), അബ്ദുല്‍ സത്താര്‍ (തമിഴ് സംഘം), ഷിഹാബ് കൊയിലാണ്ടി (മുസ്ലിം സര്‍വ്വീസ് സൊസൈറ്റി), ഷമീര്‍ പത്തനാപുരം (തനിമ), മഞ്ജു മണിക്കുട്ടന് (സാമൂഹിക പ്രവര്‍ത്തക), ഷനീബ് അബൂബക്കര്‍ (സൗദി മലയാളി സമാജം) തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി. റീജ്യണല്‍ സംഘടനാ ജനറല്‍ സെക്രട്ടറി ഷിഹാബ് കായംകുളം സ്വാഗതവും ട്രഷറര്‍ പ്രമോദ് പൂപ്പാല നന്ദിയും പറഞ്ഞു. റീജ്യണല്‍ വൈസ് പ്രസിഡന്റ് നൗഷാദ് തഴവ അവതാരകനായിരുന്നു.
പി കെ അബ്ദുല്‍ കരിം, വില്സന് തടത്തില്‍, ഷിജില ഹമീദ്, ഡോ. സിന്ധു ബിനു, സി.ടി ശശി, ജേക്കബ് പാറയ്ക്കല്‍, ആസിഫ് താനൂര്‍, നിഷാദ് കുഞ്ചു, രാധികാ ശ്യാം പ്രകാശ്, മനോജ് കെ.പി, ബിനു പി. ബേബി, ഗഫൂര്‍ വണ്ടൂര്‍, ഹമീദ് കണിച്ചാട്ടില്‍, ഹമീദ് മരക്കാശ്ശേരി, ഷൗക്കത്ത് വെള്ളില, ദില്‍ഷാദ് തഴവ, ശ്യാം പ്രകാശ്, തോമസ് തൈപ്പറമ്പില്‍, അഷ്റഫ് കൊണ്ടോട്ടി, ബാബു സെക്കന്റ് ഇന്‍ഡസ്ട്രിയല്‍, അസീസ് കുറ്റ്യാടി, ഡിജോ പഴയ മഠം, ഷംസീര്‍ കോറളായ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
![]()
