ജിദ്ദ : കെ.എം.സി.സി അന്‍പതാം വാര്‍ഷികം അതിവിപുലമായി ആഘോഷിക്കുന്നു. ഇതിന്റെ ഭാഗമായി ജിദ്ദ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി നിരവധി പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ട്. അരനൂറ്റാണ്ടിന്റെ അഭിമാനം, ജിദ്ദ കെ.എം.സി.സി എന്ന പേരില്‍ നടത്തുന്ന പരിപാടി കെ.എം.സി.സി എന്ന മഹാപ്രസ്ഥാനം പിന്നിട്ട വഴികള്‍ ഓരോന്നും അടയാളപ്പെടുത്തുന്നതിനൊപ്പം ഭാവിയില്‍ വ്യത്യസ്തമായ പരിപാടികളും പദ്ധതികളും നടപ്പിലാക്കുന്നതായിരിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ജിദ്ദയില്‍ എഴുപതുകളുടെ അവസാനത്തോടെയാണ് കെ.എം.സി.സിയുടെ ആദ്യരൂപമായ ചന്ദ്രിക റീഡേഴ്സ് ഫോറം രൂപീകരിച്ചത്. ഇതാണ് കെ.എം.സി.സിയുടെ പിറവിയിലേക്ക് നയിച്ചത്. 85 ല്‍ കെഎംസിസി വ്യവസ്ഥാപിത പ്രസ്ഥാനമായി രൂപീകരിക്കപ്പെട്ടു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, സഹജീവികള്‍ക്ക് സഹായകമാകുന്ന പദ്ധതികള്‍, സാംസ്കാരിക സായാഹ്നങ്ങള്‍, പാര്‍ട്ടിക്ക് ഭൗതികമായും അല്ലാതെയും പിന്തുണയേകുന്ന നൂറുകണക്കിന് പ്രവര്‍ത്തനങ്ങള്‍ക്കും കെ.എം.സി.സി നേതൃത്വം നല്കി. പിന്നിട്ട വഴികളിലേക്കുള്ള ഓര്‍മ്മകളുടെ മടക്കയാത്രയും പുതിയ കാലത്തെ അടയാളപ്പെടുത്തലുമാണ് ‘അര നൂറ്റാണ്ടിന്റെ അഭിമാനം, ജിദ്ദ കെഎംസിസി എന്ന പേരിലെ പരിപാടിയുടെ കാതലെന്ന് നേതാക്കള്‍ പറഞ്ഞു.
ആഘോഷ ഭാഗമായി 2025 ജനുവരി 1 മുതല്‍ ഡിസംബര്‍ 31 വരെ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കും. ആദ്യഘട്ട പരിപാടികള്‍ ജനുവരി 1 മുതല്‍ ഏപ്രില്‍ 30 വരെയാണ്. സ്ഥിരമായി നടത്തിവരുന്ന പരിപാടികള്‍ക്ക് പുറമെ, സോവനീര്‍, മെഗാഷോ, സാംസ്കാരിക സാഹിത്യ സെമിനാര്‍, കാരുണ്യകൂട്ടം തുടങ്ങി അന്‍പതോളം പരിപാടികള്‍ നടത്തും. ഒരു വര്‍ഷത്തെ പരിപാടികള്‍ ജനുവരി 17ന് ആണ് തുടക്കം കുറിക്കുക. അന്നേ ദിവസം അന്താരാഷ്ട്ര വടംവലി ടൂര്‍ണമെന്റ് നടത്തും.
ആദ്യ ഘട്ട പരിപാടികളുടെ ഭാഗമായി ജനുവരി 23 – സുരക്ഷാ കോഡിനേറ്റര്‍മാര്‍ക്കുള്ള സ്നേഹവിരുന്ന്, ജനുവരി- 31 – സ്ത്രീ കരുത്ത് – ഏകദിന ശില്പശാലയും പ്രദര്‍ശനവും, വനിതാ വിങ് പരിപാടി, ജനവരി 31 രാത്രി- ലീഡേഴ്സ് ട്രെയിനിങ് ക്യാമ്പ്, ഫെബ്രുവരി 8 – പാഠശാല (ചരിത്ര പഠന ശാല), ഫെബ്രുവരി 13 – ഷട്ടില്‍ ടൂര്‍ണമെന്റ്, ഫെബ്രുവരി 20- അഹ്ലന് റമദാന്, ഫെബ്രുവരി 22 – ജിദ്ദ മാരത്തോണ്‍ (സൗദി സ്ഥാപക ദിനം), മാര്‍ച്ച് 14 – മെഗാ ഇഫ്താര്‍, ഏപ്രില്‍- 25 മെഗാ ഫാമിലി ഇവന്റ്. അല്‍ സാമറില്‍ ആരംഭിച്ച മോര്‍ണിംഗ് ഹെല്‍ത്ത് ക്ലബ്ബ് കൂടുതല്‍ ഏരിയകളിലേക്ക് വ്യാപിപ്പിക്കും.
ലോക മലയാളികള്‍ക്കിടയില്‍ ഫുട്ബോള്‍ പോലെ സ്വീകാര്യത നേടിയ കായിക ഇനമാണ് വടംവലി. ജിദ്ദ കെഎംസിസി സ്പോര്‍ട്സ് വിംഗിന്റെ നേതൃത്വത്തില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ യു.എ.ഇ, ഖത്തര്‍, കുവൈത്ത്, ബഹ്റൈന്‍ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള ടീമുകള്‍ പങ്കെടുക്കും. ഖാലിദ് ബിന്‍ വലീദ് സ്ട്രീറ്റിലെ സ്റ്റേഡിയത്തില്‍ പ്രത്യേകം സജ്ജമാക്കുന്ന ലോക നിലവാരത്തിലുള്ള വടംവലി കോര്‍ട്ടും പിച്ചും ആയിരിക്കും മത്സരങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുക. ആറായിരം സൗദി റിയാലാണ് ഒന്നാം സമ്മാനം. നാലായിരം, രണ്ടായിരം, ആയിരം എന്നിങ്ങിനെയാണ് രണ്ടു മുതല്‍ നാലു വരെ സ്ഥാനക്കാര്‍ക്ക്. മത്സരം കാണാനെത്തുന്നവര്‍ക്ക് ഭക്ഷണ സ്റ്റാളുകളും മറ്റും ഗ്രൗണ്ടില്‍ ഒരുക്കും. മേള വിജയിപ്പിക്കുന്നതിനുവേണ്ടി വിപുലമായ സംഘാടകസമിതി രൂപീകരിച്ചിട്ടുണ്ട്.
വാര്‍ത്താ സമ്മേളനത്തില്‍ സി.കെ റസാഖ് മാസ്റ്റര്‍, ഇസ്ഹാഖ് പൂണ്ടോളി, വി.പി അബ്ദുറഹിമാന്, ഇസ്മായില്‍ മുണ്ടക്കുളം, ലത്തീഫ് മുസ്ലിയാരങ്ങാടി, ജലാല്‍ തേഞ്ഞിപ്പലം, അഷ്റഫ് താഴേക്കോട്, നാസര്‍ മച്ചിങ്ങല്‍, സുബൈര്‍ വട്ടോളി എന്നിവര്‍ പങ്കെടുത്തു.
![]()
