ന്യൂഡൽഹി : റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിപ്പിച്ച വയനാട്ടിലെ വോട്ടർമാർക്ക് മലയാളത്തിൽ നന്ദി പറഞ്ഞ് കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. വയനാട്ടിലെ എന്റെ പ്രിയ സഹോദരീ സഹോദരന്മാരേ എന്ന തുടങ്ങുന്ന ട്വീറ്റിൽ വിജയം എല്ലാവരുടേതും ആണെന്ന് പ്രിയങ്ക പറയുന്നു.
കുടുംബത്തിനും ഭർത്താവ് റോബർട്ടിനും സഹോദരൻ രാഹുൽ ഗാന്ധിക്ക് പ്രത്യേകം പ്രിയങ്ക നന്ദി പറഞ്ഞു.
“നിങ്ങളെന്നിലർപ്പിച്ച വിശ്വാസം എന്നെ വിനയാന്വിതയാക്കുന്നു. ഈ വിജയം നിങ്ങളോരോരുത്തരുടെയും വിജയമാണ്. ആ തോന്നൽ നിങ്ങളിലുണർത്തുന്ന രീതിയിലാകും എന്റെ പ്രവർത്തനമെന്ന് ഞാനുറപ്പുതരുന്നു” പ്രിയങ്കാ ഗാന്ധി പറഞ്ഞു.
“നിങ്ങളുടെ പ്രതീക്ഷകളും പ്രശ്നങ്ങളും ഉൾക്കൊള്ളുന്ന, നിങ്ങളിലൊരാളായിത്തന്നെ കൂടെയുണ്ടാകുന്ന ഒരു പ്രതിനിധിയെയാണ് തിരഞ്ഞെടുത്തതെന്ന് നിങ്ങൾക്കുറപ്പിക്കാം. പാർലമെന്റിൽ വയനാടിന്റെ ശബ്ദമാകാൻ ഞാൻ ഒരുങ്ങി കഴിഞ്ഞു. എനിക്ക് ഈ അവസരം സമ്മാനിച്ചതിന് ഒരായിരം നന്ദി. അതിലുമേറെ, നിങ്ങളെനിക്കു നൽകിയ സ്നേഹത്തിന് നന്ദി. ❤❤” പ്രിയങ്കാ ട്വീറ്റിൽ പറഞ്ഞു.
*ട്വിറ്റർ പോസ്റ്റിന്റെ പൂർണ രൂപം*
വയനാട്ടിലെ എന്റെ പ്രിയ സഹോദരീ സഹോദരന്മാരേ,
നിങ്ങളെന്നിലർപ്പിച്ച വിശ്വാസം എന്നെ വിനയാന്വിതയാക്കുന്നു. ഈ വിജയം നിങ്ങളോരോരുത്തരുടെയും വിജയമാണ്. ആ തോന്നൽ നിങ്ങളിലുണർത്തുന്ന രീതിയിലാകും എന്റെ പ്രവർത്തനമെന്ന് ഞാനുറപ്പുതരുന്നു. നിങ്ങളുടെ പ്രതീക്ഷകളും പ്രശ്നങ്ങളും ഉൾക്കൊള്ളുന്ന, നിങ്ങളിലൊരാളായിത്തന്നെ കൂടെയുണ്ടാകുന്ന ഒരു പ്രതിനിധിയെയാണ് തിരഞ്ഞെടുത്തതെന്ന് നിങ്ങൾക്കുറപ്പിക്കാം. പാർലമെന്റിൽ വയനാടിന്റെ ശബ്ദമാകാൻ ഞാൻ ഒരുങ്ങി കഴിഞ്ഞു. എനിക്ക് ഈ അവസരം സമ്മാനിച്ചതിന് ഒരായിരം നന്ദി. അതിലുമേറെ, നിങ്ങളെനിക്കു നൽകിയ സ്നേഹത്തിന് നന്ദി.
ഈ യാത്രയിലുടനീളം എന്നോടൊപ്പം ഭക്ഷണമോ വിശ്രമമോ പോലുമില്ലാതെ നിന്ന ഐക്യ ജനാധിപത്യ മുന്നണിയിലെ എന്റെ സഹപ്രവർത്തകരോടും നേതാക്കളോടും പ്രവർത്തകരോടും എന്റെ ഓഫീസിലെ സുഹൃത്തുക്കളോടും ഞാൻ നന്ദി പറയുന്നു. നമ്മുടെ വിശ്വാസങ്ങളും നിലപാടുകളും വിജയത്തിലെത്തിക്കുന്നതിനായി പോരാളികളെപ്പോലെ പടപൊരുതുകയായിരുന്നു നിങ്ങൾ.
എനിക്കു നൽകിയ ധൈര്യത്തിനും പിന്തുണയ്ക്കും എന്റെ അമ്മയോട്, റോബർട്ടിനോട്, എന്റെ രത്നങ്ങളായ മക്കൾ റൈഹാനോടും മിരായയോടും എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.
എന്റെ പ്രിയ സഹോദരൻ രാഹുൽ, നിങ്ങളാണ് യഥാർത്ഥ ധൈര്യശാലി…
നന്ദി, എല്ലായ്പോഴും എന്റെ വഴികാട്ടിയും ധൈര്യവും ആയി നിലകൊള്ളുന്നതിന്.
![]()
