ദമ്മാം : പ്രവാസി വെല്‍ഫെയര്‍ സൗദി അറേബ്യാ ദക്ഷിണ കേരള കമ്മറ്റി ദമ്മാം ‘കവിതയും ഖഹ്വയും’ എന്ന തലക്കെട്ടില്‍ സംഘടിപ്പിച്ച കവിയരങ്ങ് പ്രമേയങ്ങള്‍ കൊണ്ടും ആസ്വാദകരുടെ സാന്നിധ്യം കൊണ്ടും വ്യത്യസ്തമായി. ജുബൈല്‍ ഇന്ത്യന്‍ വിദ്യാലയം മലയാള അദ്ധ്യാപകനും കവിയും , എഴുത്തുകാരനും പ്രഭാഷകനും ,സംവിധായകനുമായ എന്‍ സനില്‍കുമാര്‍ പന്തളം പരിപാടി ഉദ്ഘാടനം ചെയ്തു. മുഖ്യധാരകളോടും മത്സരിച്ചു കവിത ഒരു പ്രതി സംസ്കാരമായി മാറിയ കാലത്തെക്കുറിച്ചുള്ള സന്തോഷം പങ്കു വെച്ച അദ്ദേഹം, കവിതകളുടെ ഉത്ഭവങ്ങളെക്കുറിച്ചും ഇനിയും പുറപ്പെടാന്‍ സാധ്യതയുള്ള കവിതകളുടെ ഒഴുക്കിനെക്കുറിച്ചും അദ്ദേഹം സദസ്സിനോട് പങ്കുവെച്ചു. ബാല്യകാല സൗഭാഗ്യ സ്മൃതികളുടെ ഗൃഹാദുരത്വം നിറഞ്ഞ കവിത അദ്ദേഹം സദസ്സിനായ് ആലപിച്ചു.

പ്രവാസി വെല്‍ഫെയര്‍ ദമ്മാം ദക്ഷിണ കേരള പ്രസിഡന്റ് ആഷിഫ് കൊല്ലം അധ്യക്ഷത വഹിച്ചു. ഒരു ശില്പി പാഴ്ത്തടിയില്‍ ആവശ്യമില്ലാത്തതെല്ലാം ചെത്തി മിനുക്കി എങ്ങിനെയാണോ ശില്‍പ്പം നിര്‍മിക്കുന്നത് അതുപോലെയാണ് കവികള്‍ കവിതകള്‍ ഉണ്ടാക്കുന്നതും, അത് ശബ്ദമില്ലാത്തവന്റെ ശബ്ദമായും ,അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും വേണ്ടി അവരുടെ നാവായി മാറുമ്പോഴാണ് അത് പ്രസക്തമാകുന്നതെന്നും മുഖ്യ പ്രഭാഷണം നിര്‍വഹിച്ച പ്രവാസി വെല്‍ഫെയര്‍ ദമ്മാം റീജണല്‍ കമ്മറ്റി പ്രസിഡന്റ് അബ്ദുല്‍ റഹീം തിരൂര്‍ക്കാട് പറഞ്ഞു . ഷബീര്‍ ചാത്തമംഗലം ( പ്രസിഡന്റ് പ്രവാസി വെല്‍ഫെയര്‍ ഈസ്റ്റേണ്‍ പ്രിവിന്‍സ് ) സാബു മേലേതില്‍ ( മാധ്യമ പ്രവര്ത്തകന് ) എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. തുടര്‍ന്ന് നടന്ന കവിയരങ്ങില്‍, അമ്മയെ ഇതിവൃത്തമാക്കി കവിയും , അഭിനേതാവുമായ ഷിബിന്‍ ആറ്റുവ, ഫലസ്തീന് പോരാട്ടതിലേക്ക് തുറന്നു വെച്ച കവിത (ചരമ ഗീതം) ഫൈസല്‍ കോട്ടയം, അഹിംസയുടെ വക്താവും പ്രയോക്താവുമായ ഗാന്ധിയെ കുറിച്ച് കവിയും കാഥികനുമായ മനോജ് കാലടി, പ്രണയം പ്രമേയമാക്കി കമറുദ്ധീന്‍ വലിയത്ത്, അനീതിക്കെതിരെയുള്ള വിരല്‍ ചൂണ്ടലുമായി (വിലാപങ്ങള്‍ക്കപ്പുറം) അര്‍ഷദ് വാണിയമ്പലം തുടങ്ങിയവരാണ് കവിയരങ്ങില്‍ തങ്ങളുടെ കവിതകളുമായി പങ്കെടുത്തത്. ഗായകനും കവിയുമായ ഹാഷിം യൂനുസ് കായംകുളം, പ്രൊവിന്‍സിലെ ഗസല്‍, മാപ്പിളപ്പാട്ട് വേദിയിലെ നിറ സാന്നിധ്യം റഊഫ് ചാവക്കാട്, ഗായകന് അസര്‍ നിലമ്പൂര്‍ എന്നിവര്‍ കവിതകള്‍ ആലപിച്ചു. കവിയും രചയിതാവും സംവിധായകനും കവിയരങ്ങ് ജനറല്‍ കണ്‍വീനറുമായ സഈദ് ഹമദാനി വടുതലയായിരുന്നു മോഡറേറ്റര്‍.

അഥിതികളെ അറേബ്യന്‍ പാരമ്പര്യ വസ്ത്രങ്ങള്‍ അണിഞ് അഫ്ഹം അലിയും അംന മെഹബൂബും ഖഹ്വയും , ഈത്തപ്പഴവും നല്കി സ്വീകരിച്ചു. ഹൈഫ ഫാത്തിമയുടെ ഈശ്വര പ്രാര്‍ത്ഥനയോടെ തുടങ്ങിയ പരിപാടിക്ക് ദമ്മാം പ്രവാസി വെല്‍ഫെയര്‍ ദക്ഷിണ കേള്കേരള കമ്മറ്റി സെക്രട്ടറി ഷമീര്‍ പത്തനാപുരം സ്വാഗതം പറഞ്ഞു. കമ്മറ്റി ട്രഷറര്‍ ജോഷി ബാഷ അവതാരകനായിരുന്നു. ദക്ഷിണ കേരള ജോയിന്റ് സെക്രട്ടറി അബ്ദുല്ല സൈഫുദ്ധീന്‍ നന്ദി പറഞ്ഞു. ബിജു പൂതക്കുളം, യൂനുസ് തിരുവനന്തപുരം, അബ്ദുല്‍ കലാം, ജംഷാദ് കണ്ണൂര്‍, ഹാരിസ് കൊച്ചി, ജമാല്‍ പയ്യന്നൂര്‍ എന്നിവര്‍ നേൃത്വം നല്കി.
![]()
