ദോഹ: ഇന്ത്യയുടെ കലാ-സാംസ്കാരിക വൈവിധ്യങ്ങള്‍ വിളിച്ചോതി ഇന്ത്യന്‍ എംബസിയുമായി ചേര്‍ന്ന് ഇന്ത്യന്‍ കള്‍ചറല്‍ സെന്ററില്‍ നടന്ന ‘ഭാരതോത്സവ് 2024’ ശ്രദ്ധേയമായി. അല്‍ മയാസ തിയേറ്ററില്‍ നടന്ന പരിപാടി ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ ഉദ്ഘാടനം ചെയ്തു.ഭാരത് ഉത്സവത്തിന്റെ ഭാഗമായി തയാറാക്കിയ സുവനീര്‍ അംബാസഡര്‍ പ്രകാശനം ചെയ്തു.
ഖത്തറിലെ വിവിധ മന്ത്രാലയം പ്രതിനിധികള്‍, 18 രാജ്യങ്ങളില്‍ നിന്നുള്ള അംബാസഡര്‍മാര്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍, ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍, അപെക്സ് ബോഡി പ്രസിഡന്റുമാര്‍, ഇന്ത്യന്‍ കമ്മ്യൂണിറ്റി നേതാക്കള്‍,വിവിധ ഭാഷകളെയും സംസ്കാരങ്ങളെയും പ്രതിനിധീകരിക്കുന്ന മറ്റ് പ്രതിനിധികള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ കലാ-സാംസ്കാരിക വൈവിധ്യം പ്രകടമാക്കുന്ന നൃത്തപരിപാടികള്‍ അരങ്ങേറി. ഖത്തറിലെ ഇന്ത്യന്‍ സ്കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും ഐ.സി.സി.യില്‍ അഫിലിയേറ്റ് ചെയ്ത സംഘടനകളാണ് കലാപരിപാടികളുമായി അരങ്ങില്‍ എത്തിയത്.
ഐസിസി പ്രസിഡന്റ് എ.പി മണികണ്ഠന്, ജനറല്‍ സെക്രട്ടറി മോഹന്‍ കുമാര്‍, വൈസ് പ്രസിഡന്റ് സുബ്രഹ്മണ്യ ഹെബഗലു തുടങ്ങിയവര്‍ സംസാരിച്ചു. സംഘാടക സമിതി ചെയര്മാന് പി.എന്‍.ബാബുരാജന്, ഐസിസി കള്‍ച്ചറല്‍ സെക്രട്ടറി നന്ദിനി അബ്ബഗൗനി, ശാന്തനു ദേശ്പാണ്ഡെ ,അന്‍ഷു ജെയിന് എന്നിവര്‍ നേതൃത്വം നല്കി.
![]()
