ചെന്നൈ: ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യ ഭേദപ്പെട്ട സ്കോറിലേക്കെത്തിയിരിക്കുകയാണ്.ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യക്ക് 144 റണ്‍സിനിടെയാണ് ആറ് വിക്കറ്റുകള്‍ നഷ്ടമായത്. സൂപ്പര്‍ താരങ്ങളെല്ലാം നിരാശപ്പെടുത്തി. നായകന് രോഹിത് ശര്‍മയും ഇതിഹാസ താരം വിരാട് കോലിയും ആറ് റണ്‍സെടുത്ത് പുറത്തായപ്പോള്‍ മൂന്നാം നമ്പറിലിറങ്ങിയ ശുബ്മാന് ഗില്‍ അക്കൗണ്ട് തുറക്കാതെയാണ് മടങ്ങിയത്.ഇതോടെ ഇന്ത്യ വലിയ തകര്‍ച്ചയെ മുന്നില്‍ക്കണ്ടു. എന്നാല്‍ ആര് അശ്വിനും (102*) രവീന്ദ്ര ജഡേജയും (86*) ചേര്‍ന്ന് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവരികയായിരുന്നു.ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ആറ് വിക്കറ്റിന് 339 എന്ന മികച്ച നിലയിലെത്താന്‍ ഇന്ത്യക്ക് സാധിച്ചിട്ടുണ്ട്. അശ്വിന് 112 പന്തില്‍ 10 ഫോറും 2 സിക്സും പറത്തിയപ്പോള്‍ ജഡേജ 117 പന്ത് നേരിട്ട് 10 ഫോറും 2 സിക്സും തന്നെ പറത്തിയാണ് ക്രീസില്‍ തുടരുന്നത്. രണ്ടാം ദിനവും ഇവരുടെ ശക്തമായ ബാറ്റിങ് പ്രകടനം കാണാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ ആരാധകര്‍. ഇന്ത്യയെ വലിയ തകര്‍ച്ചയില്‍ നിന്ന് കൈപിടിച്ചുയര്‍ത്തിയത് അശ്വിനും ജഡേജയും ചേര്‍ന്നാണ്.
ഇന്ത്യയുടെ പേരുകേട്ട ബാറ്റിങ് നിരയെ ബംഗ്ലാദേശ് പേസര്‍മാര്‍ നന്നായി വിറപ്പിച്ചു. ഹസന് മഹ്മൂദ് തുടക്കത്തിലേ നാല് വിക്കറ്റുകളുമായി ഇന്ത്യയെ വിറപ്പിച്ചു. റിഷഭ് പന്ത് മികച്ച ഷോട്ടുകളോടെ മുന്നേറി. 52 പന്തില്‍ 6 ഫോറുള്‍പ്പെടെ 39 റണ്‍സോടെയാണ് റിഷഭ് പന്ത് തിളങ്ങിയത്. വലിയ സ്കോറിലേക്ക് റിഷഭ് പോകുമെന്ന് തോന്നിക്കവെയാണ് ഹസന് മഹമ്മൂദ് റിഷഭിനെ പുറത്താക്കിയത്. മോശം ഷോട്ടിന് ശ്രമിച്ചായിരുന്നു റിഷഭ് പന്ത് മടങ്ങിയത്. കെ എല്‍ രാഹുലിനും കാര്യമായൊന്നും ചെയ്യാന്‍ സാധിക്കാതെ പോയി. 16 റണ്‍സ് മാത്രമാണ് രാഹുലിന്റെ സമ്പാദ്യം. എന്നാല്‍ രവീന്ദ്ര ജഡേജയുടേയും ആര് അശ്വിന്റേയും ചിറകിലേറി ഇന്ത്യ ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു. ഇന്ത്യയെ ആദ്യ ദിനം തന്നെ ഓള്‍ഔട്ടാക്കാമെന്ന ബംഗ്ലാദേശിന്റെ കണക്കുകൂട്ടല്‍ തകര്‍ത്തത് ജഡേജയുടേയും അശ്വിന്റേയും കൂട്ടുകെട്ടായിരുന്നു.
എന്തായാലും ഇന്ത്യ തുടക്കത്തിലേ പതറിയെങ്കിലും ഇപ്പോള്‍ ഭേദപ്പെട്ട സ്കോറിലേക്കെത്തിയിട്ടുണ്ട്. ദിവസം മുന്നോട്ട് പോകുന്തോറും പിച്ച് സ്പിന്നിന് കൂടുതല്‍ അനുകൂലമാവും. അതുകൊണ്ടുതന്നെ ബംഗ്ലാദേശിന് കാര്യങ്ങള്‍ എളുപ്പമാവില്ലെന്ന് നിസംശയം പറയാം.
![]()
