റിയാദ് : ടാർഗറ്റ് ഗ്ലോബൽ അക്കാദമിയും ഫോക്കസ് ഇന്റർനാഷണലും സംയുക്തമായി സംഘടിപ്പിക്കുന്ന റിയാദ് എഡ്യൂ എക്സ്പോ സെപ്റ്റംബർ 13 ന് വൈകീട്ട് 4 മണിക്ക് അൽ യാസ്മിൻ ഇന്റർനാഷണൽ സ്കൂളിൽ വെച്ച് നടക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.ആർട്ടിഫിഷ്യൽ ഇന്റലിജിൻസ്, മെഷീൻ ലേർണിങ്, ഡാറ്റ സയൻസ്, സൈബർ സെക്യൂരിറ്റി, മെഡിക്കൽ സയൻസ്, എഞ്ചിനീയറിംഗ്, കൊമേഴ്സ് തുടങ്ങിയ വിവിധ വിഷയങ്ങളിൽ സാധാരണ കരിയർ ഗൈഡൻസ് ക്ലാസുകളിൽ നിന്ന് വ്യത്യസ്ഥമായി ഓരോ മേഖലകളിലും ജോലി ചെയ്യുന്ന ഇൻഡസ്ട്രി വിദഗ്ദരാണ് റിയാദ് എഡ്യൂ എക്സ്പോയിൽ ക്ലാസുകൾ നയിക്കുന്നത്.
മോട്ടിവേഷണൽ സ്പീക്കറും സൈബർ സെക്യൂരിറ്റി വിദഗ്ദനും മംഗലാപുരം സഹയാദ്രി എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പലുമായ ഡോ. ആനന്ത് പ്രഭു ഇപ്പോഴത്തെ ജോബ് മാർക്കറ്റ് ഡിമാന്റിനെ കുറിച്ച് മുഖ്യ പ്രഭാഷണം നടത്തും. കുട്ടികളിലെ സംരംഭകത്വം എങ്ങനെ വളർത്തിയെടുക്കാം എന്ന വിഷയത്തിൽ പന്ത്രണ്ടാം ക്ലാസിൽ പഠിക്കുന്നതും വി വി ജി ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് കമ്പനിയുടെ സി ഇ ഒ മാസ്റ്റർ ന്യുയാം സംസാരിക്കും. കുട്ടികളിലെ ആശയ വിനിമയ ശേഷി എങ്ങനെ മെച്ചപ്പെടുത്താം എന്ന വിഷയത്തിൽ ഇന്റർടെക് ജിസിസി സെയിൽസ് മാനേജറും ടോസ്റ്റ് മാസ്റ്റർ ചാമ്പ്യൻ കൂടിയായിട്ടുള്ള സയ്ദ് ഫൈസൽ സംസാരിക്കും.
റിയാദ് എഡ്യൂ എക്സ്പോയിലെ മുഖ്യ ആകർഷണം വ്യത്യസ്ഥ മേഖലകളിൽ ജോലി ചെയ്യുന്ന ഇൻഡസ്ട്രി വിദഗ്ദരെ അണിനിരത്തിയുള്ള പാനൽ ഡിസ്കഷൻ ആണ്. ഏകദേശം ഒന്നര മണിക്കൂർ നീണ്ട് നിൽക്കുന്ന പാനൽ ഡിസ്കഷനിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അവരുടെ സംശയങ്ങൾ നേരിട്ട് ചോദിക്കാൻ അവസരം ഉണ്ടാകും.
ഇതോടനുബന്ധിച്ച് റിയാദിലെ ഓരോ ഇന്ത്യൻ സ്കൂളിലെയും ഏറ്റവും കൂടുതൽ സർവീസ് ഉള്ള രണ്ട് അധ്യാപകരെയും കഴിഞ്ഞ അധ്യയന വർഷത്തെ ബോർഡ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും ആദരിക്കും.
ഇന്ത്യയിലെയും വിദേശങ്ങളിലെയും വിവിധ പ്രീമിയർ യൂണിവേഴ്സിറ്റികളിൽ വിദ്യാർത്ഥികൾക്ക് മെറിറ്റിൽ തന്നെ അഡ്മിഷൻ കിട്ടുന്നതിന് വേണ്ടി ഉയർന്ന നിലവാരത്തിലുള്ള കോച്ചിങ് കൊടുത്ത് കൊണ്ട് വർഷങ്ങളായി ഈ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ടാർഗറ്റ് ഗ്രൂപ്. കഴിഞ്ഞ മെയ് മാസത്തിൽ ടാർഗറ്റ് ഗ്ലോബൽ അക്കാദമി സംഘടിപ്പിച്ച നിരവധി വിദ്യാർഥികൾ പങ്കെടുത്ത ടാലന്റ് ഹണ്ട് സ്കോളർഷിപ് പരീക്ഷയിലെ വിജയികളെയും ഈ വേദിയിൽ വെച്ച് അനുമോദിക്കും.
റിയാദ് എഡ്യൂ എക്സ്പോയിലേക്കുള്ള പ്രവേശനം സൗജന്യമാണ്. രെജിസ്ട്രേഷന് വേണ്ടി www.targetglobalacademy.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ആദ്യം രജിസ്റ്റർ ചെയുന്ന 500 പേർക്ക് ആയിരിക്കും പ്രവേശനം. ടാർഗറ്റ് ഗ്ലോബൽ അക്കാദമി ജനറൽ മാനേജർ മുനീർ എം സി, മാർക്കറ്റിങ് മാനേജർ മുഹമ്മദ് അസ്ലം, ഫോക്കസ് ഇന്റർനാഷണൽ ഭാരവാഹികളായ ഫൈറൂസ് വടകര, റഹൂഫ് പയനാട്ട്, അബ്ദു റഹ്മാൻ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
![]()
