റിയാദ് :പ്രവാസ ജീവിതത്തിന്റെ നാനാവശങ്ങളെയും ബന്ധിപ്പിക്കുന്ന വിവിധങ്ങളായ പതിനാറ് പദ്ധതികളുമായി ഒരു വർഷം നീണ്ട് നിൽക്കുന്ന റിയാദ് മങ്കട മണ്ഡലം കെഎംസിസിയുടെ കാമ്പയിൻ “ദ എയിം” തുടക്കമായി.
റിയാദ് ബത്തയിലെ ഡി-പാലസ് ഓഡിറ്റോറിയത്തിൽ നടന്ന പ്രവർത്തക സംഗമത്തിൽ എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസ് പദ്ധതികളുടെ പ്രഖ്യാപനം നിർവ്വഹിച്ചു.
കാലമേറുന്തോറും മുസ്ലിം ലീഗിന്റെ രാഷ്ട്രീയ പ്രസക്തി കൂടുതൽ അടയാളപ്പെടുത്തപ്പെടുന്നതാണ് ഇന്ത്യയിലെ ആനുകാലിക ചിത്രമെന്ന് പികെ നവാസ് പറഞ്ഞു.
മുക്കാൽ നൂറ്റാണ്ട് പിന്നിട്ട സ്വതന്ത്ര ഇന്ത്യയുടെ ആത്മാവായ ഭരണ ഘടന വീണ്ടും ചർച്ചയാക്കപ്പെടുമ്പോൾ അതിന്റെ അമരക്കാരനായി ഡോ. അംബദ്ക്കറെ നിർദ്ദേശിച്ച മുസ്ലിം ലീഗിന്റെ ദീർഘവീക്ഷണത്തിന് മാറ്റേറുകയാണ്.
പിന്നോക്ക സമൂഹങ്ങളുടെയും സമുദായത്തിന്റെയും അന്തസ്സാർന്ന അസ്തിത്വത്തിന് പാർലമെന്റിലും പുറത്തും കാവൽ നിൽക്കാൻ എന്നും മുസ്ലിം ലീഗ് മാത്രമാണ് സംഘടിതമായി മുന്നിലുള്ളത്.
മുസ്ലിം – പിന്നോക്ക ജനവിഭാഗത്തെ പിന്നെയും വിഘടിപ്പിച്ചും വേദനിപ്പിച്ചും തളർത്താൻ കമ്യൂണിസ്റ്റ് ഭരണകൂടം കേരളത്തിൽ ഒളിഞ്ഞും തെളിഞ്ഞും പയറ്റുന്ന കുതന്ത്രങ്ങളെ വ്യക്തമായി തിരിച്ചറിഞ്ഞ് കൃത്യമായി പ്രതിരോധിക്കാൻ മുസ്ലിം ലീഗ് സജ്ജമാണ്.
കൈയിലുള്ള സമ്പത്ത് കൊണ്ട് രാഷ്ട്രീയ സമാധാനം കൈവരിക്കാമെന്ന ധാർഷ്ട്യം പ്രകടിപ്പിച്ച് ഖാഇദെ മില്ലത്തിനെ മടക്കിയയച്ച ഹൈദ്രാബാദിലെ സമ്പന്നരുടെ പിൻമുറക്കാർ, ഭരണ ഘടന ഉപയോഗിച്ച് രാഷ്ട്രീയമായി അവകാശങ്ങൾ നേടിയെടുക്കണമെന്ന് പറഞ്ഞ ഖാഇദെ മില്ലത്തിനെ തിരിച്ചറിഞ്ഞ് സ്വീകരിച്ച് പ്രസ്ഥാനത്തെ വളർത്തിയ മലബാറിലെ സാധാരണക്കാരുടെ പൈതൃകമായ ലീഗിനെ പഠിക്കാൻ കേരളത്തിലെത്തുന്നത് ചെറിയ കാര്യമല്ല.
രാജ്യത്തെ മുഴുവൻ പിന്നോക്ക ജനതക്കുമായി പാർലമെന്റിൽ പോരാടുന്നത് മുസ്ലിം ലീഗിന്റെ അഞ്ചംഗ സംഘമാണെന്നത് ഉത്തരേന്ത്യൻ പുതുതലമുറക്ക് വൈകിയ തിരിച്ചറിവായി മാറുകയാണെന്നും മുഖ്യപ്രഭാഷണത്തിൽ പികെ നവാസ് കൂട്ടിച്ചേർത്തു.
രാജ്യവും ചരിത്രവും
മലയാളവും കലയും
കായികവും ഓർമ്മകളും
ആരോഗ്യവും ഭാവിയും
വ്രതവിശുദ്ധിയും കുടുംബവും
അഭിസംബോധനയും കാരുണ്യവും
നിക്ഷേപവും വിദ്യാഭ്യാസവും തുടങ്ങി പ്രവാസിയുടെ നിഖില മേഖലകളെയും സ്പർശിക്കുന്നതാണ് പ്രഖ്യാപിക്കപ്പെട്ട 16 പദ്ധതികൾ.
കെഎംസിസി മങ്കട മണ്ഡലം പ്രസിഡണ്ട് നജ്മുദ്ദീൻ മഞ്ഞളാംകുഴി അധ്യക്ഷനായ ചടങ്ങ് റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് സി പി മുസ്തഫ ഉദ്ഘാടനം ചെയ്തു.
നാഷണൽ കമ്മിറ്റി ഭാരവാഹികളായ ഉസ്മാൻ അലി പാലത്തിങ്ങൽ, മുഹമ്മദ് വേങ്ങര, മുജീബ് ഉപ്പട, റിയാദ് സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര, ഭാരവാഹികളായ സത്താർ താമരത്ത്, അബ്ദുറഹ്മാൻ ഫാറൂഖ്, അസീസ് വെങ്കിട്ട, റഫീഖ് മഞ്ചേരി, ഷമീർ പറമ്പത്ത്, റിയാദ് കെഎംസിസി മലപ്പുറം ജില്ലാ പ്രസിഡണ്ട് ഷൗക്കത്ത് കടമ്പോട്ട്, ചെയർമാൻ ഷാഫി ചിറ്റത്തുപാറ, ഭാരവാഹികളായ ശക്കീൽ തിരൂർക്കാട്, ശിഹാബ് തങ്ങൾ, മങ്കട മണ്ഡലം എംഎസ്എഫ് ട്രഷറർ അറഫ ഉനൈസ് പ്രസംഗിച്ചു.
റിയാദിൽ നിന്ന് രണ്ട് പതിറ്റാണ്ടിലേറെ കാലം കെഎംസിസിയെ നേരിട്ട് അറിഞ്ഞ ബോധ്യത്തിൽ നിന്ന് അംഗത്വ അപേക്ഷ നൽകിയ ഡേവിഡ് ചാലക്കുടിക്ക് പികെ നവാസ്, സിപി മുസ്തഫ എന്നിവർ ചേർന്ന് അംഗത്വം നൽകി ആദരിച്ചു.
മണ്ഡലം ഭാരവാഹികളായ അബുബക്കർ ഫൈസി, അലിക്കുട്ടി കടുങ്ങപുരം, റിയാസ് ചുക്കൻ, അബ്ദുല്ല ഉരുണിയൻ, സ്വാലിഹ് കൂട്ടിലങ്ങാടി, മുസ്ഥഫ മൂർക്കനാട്, റഫീഖ് പൂപ്പലം, സൈതലവി ഫൈസി, ശമീർ മാനു, റഷീദലി എംസി, അബു ചെലൂർ തുടങ്ങിയവർ നേതൃത്വം നൽകി.
റിയാദ് കെഎംസിസി മങ്കട മണ്ഡലം ജനറൽ സെക്രട്ടറി റിയാസ് സി തിരൂർക്കാട് സ്വാഗതവും ട്രഷറർ ഹാരിസ് കുറുവ നന്ദിയും പറഞ്ഞു.
![]()
