പാരീസ്: പാരീസ് ഒളിംപിക്സിന്റെ രണ്ടാം ദിനം ഇന്ത്യ അക്കൗണ്ട് തുറന്നിരിക്കുകയാണ്. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ മനു ഭാക്കറാണ് ഇന്ത്യക്കായി അഭിമാന വെങ്കല മെഡല്‍ നേടിയത്. നേരിയ പോയിന്റുകളുടെ വ്യത്യാസത്തില്‍ വെള്ളി മെഡല്‍ നഷ്ടമായെങ്കിലും പാരീസില്‍ ഇന്ത്യയുടെ അഭിമാനമായി 22കാരിയായ മനു ഭാക്കര്‍ മാറിയിരിക്കുകയാണ്. ഒളിംപിക്സ് ഷൂട്ടിങ്ങില്‍ ഇന്ത്യക്കായി മെഡല്‍ നേടുന്ന അഞ്ചാമത്തെ താരമാണ് മനു ഭാക്കര്‍.
ഒളിംപിക്സ് ഷൂട്ടിങ്ങില്‍ ഇന്ത്യക്കായി മെഡല്‍ നേടുന്ന ആദ്യത്തെ വനിതയെന്ന അഭിമാന നേട്ടത്തിലേക്കെത്താനും മനു ഭാക്കറിനായി. ചരിത്ര നേട്ടത്തിന് പിന്നാലെ പുഞ്ചിരിയോടെ മനു ഭാക്കര്‍ ഇന്ത്യന്‍ പതാകയേന്തി വീശിയപ്പോള്‍ താരത്തിനെ സംബന്ധിച്ചത് പ്രതികാരം കൂടിയാണ്. മൂന്ന് വര്‍ഷം മുമ്പ് ടോക്കിയോ
ഒളിംപിക്സില്‍ കരഞ്ഞ് മടങ്ങിയപ്പോള്‍ മനസിലുറപ്പിച്ച മെഡല്‍ നേട്ടത്തിലേക്കാണ് ലക്ഷ്യം തെറ്റാതെ മനു ഭാക്കര്‍ നടന്നു കയറിയത്.അന്ന് യോഗ്യതാ റൗണ്ടില്‍ മനു ഭാക്കറിന്റെ പിസ്റ്റളിന് തകരാര്‍ സംഭവിക്കുകയായിരുന്നു. ഇതോടെ പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാന്‍ മനു ഭാക്കറിന് സാധിക്കാതെ പോയി. അന്ന് കരഞ്ഞുകൊണ്ടാണ് മനു കളം വിട്ടത്. എന്നാല്‍ മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം മനു പാരീസിലെ ഇന്ത്യയുടെ ആദ്യ മെഡല്‍ ജേതാവായി മാറിയിരിക്കുകയാണ്. അവസാന ലോക ചാമ്പ്യന്‍ഷിപ്പില്‍ 25 മീറ്റര്‍ പിസ്റ്റള്‍ ടീം ഇനത്തില്‍ സ്വര്‍ണ്ണം നേടാന്‍ മനു ബാക്കറിനായിരുന്നു.ഇപ്പോള്‍ ഒളിംപിക്സില്‍ ഇന്ത്യയുടെ അഭിമാനമാവാനും മനുവിനായി. ഹരിയാനക്കാരിയായ താരത്തിന് 22ാം വയസില്‍ത്തന്നെ ഒളിംപിക്സ് മെഡല്‍ നേട്ടത്തിലേക്കെത്താനായി എന്നതിന് പിന്നില്‍ കഠിനാധ്വാനത്തിന്റെ വലിയ കഥയുമുണ്ട്. പരിമിതമായ കുടുംബ സാഹചര്യങ്ങളോട് പൊരുതിയാണ് മനു ബാക്കറിന്റെ നേട്ടം. മനു മത്സരിക്കാനിറങ്ങിയപ്പോള്‍ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെല്ലാം വീട്ടില്‍ പ്രാര്‍ത്ഥനയിലായിരുന്നു. ഈ പ്രാര്‍ത്ഥന വിഫലമായില്ലെന്ന് തന്നെ പറയാം.12 വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ഇന്ത്യ ഷൂട്ടിങ്ങില്‍ വ്യക്തിഗത മെഡല്‍ നേടിയെടുത്തിരിക്കുന്നത്. 2004ല്‍ രാജ്യവര്‍ധന്‍ സിങ്, 2008ല്‍ അഭിനവ് ബിന്ദ്ര, 2012ല്‍ വിജയ് കുമാറും ഗഗന് നാരംഗുമാണ് ഇതിന് മുമ്പ് ഇന്ത്യക്കായി ഷൂട്ടിങ്ങില്‍ വ്യക്തിഗത ഒളിംപിക്സ് മെഡല്‍ നേടിയവര്‍. ഇതിന് ശേഷം ഇന്ത്യയുടെ മത്സരങ്ങളിലെല്ലാം നിരാശപ്പെടുത്തുന്ന പ്രകടനമാണ് താരങ്ങള്‍ കാഴ്ചവെച്ചത്. എന്നാല്‍ മെഡലിനായുള്ള വലിയ കാത്തിരിപ്പിന് വിരാമമിടാന്‍ മനു ഭാക്കറിന് സാധിച്ചു.
![]()
