ദോഹ: പ്രവാസ കവി അബ്ദുൽ അസീസ് മഞ്ഞിയിലിന്റെ കവിതാസമാഹാരം ‘മഞ്ഞുതുള്ളികൾ’ ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ദോഹയിൽ സംഘടിപ്പിക്കപ്പെട്ട പ്രൗഡമായ സാഹിത്യ സദസ്സിൽ
ഫോറം ജനറൽ സെക്രട്ടരി ഹുസ്സൈൻ കടന്നമണ്ണ പ്രകാശനം ചെയ്തു. തനിമ ഖത്തർ അസി.ഡയറക്ടര്‍ അനീസ് കൊടിഞ്ഞി ഏറ്റുവാങ്ങി. എഴുത്തുകാരനും ഫോറം അഡ്വൈസറി ബോർഡ് അംഗവുമായ എം.ടി നിലമ്പൂർ പുസ്തകം പരിചയപ്പെടുത്തി.
മലബാറിന്റെ കവന വരദാനങ്ങളിലൊരാളായിരുന്ന എസ്.വി. ഉസ്മാൻ എഴുതിയ കവിതാസമാഹാരം ‘വിത’ ഖത്തർ കെ എം സി സി അഡ്വൈസറി ബോർഡ് ചെയർമാനും വാഗ്മിയുമായ എസ് എ എം ബഷീർ പരിചയപെടുത്തി. എസ് വി ഉസ്മാന്റെ പിതൃസഹോദരിപുത്രിയും ഫോറം സെക്രട്ടറിയുമായ ഷംനാ ആസ്മി കവിയുമായുള്ള കുട്ടിക്കാലത്തെ ഹൃദയസ്പർശിയായ അനുഭവങ്ങൾ പങ്കുവെച്ചു.
ഡോക്ടർ എ.പി. ജഅഫറിന്റെ അനുഭവാവിഷ്ക്കാര കൃതി ‘മലകളുടെ മൗനം’ എക്സിക്യുട്ടീവ് അംഗം മജീദ് തറമ്മൽ പരിചയപ്പെടുത്തി. ഗ്രന്ഥകർത്താവ് ഡോ. ജഅഫർ കൃതിയുടെ രചനാപശ്ചാത്തലവും തന്റെ എഴുത്തനുഭവങ്ങളും സദസ്സുമായി പങ്കുവെച്ചു.
എക്സിക്യുട്ടീവ് അംഗം തൻസിം കുറ്റ്യാടി, ട്രഷറർ അൻസാർ അരിമ്പ്റ, സുനിൽ പെരുമ്പാവൂർ, സുബൈർ കെ കെ, മുഹമ്മദ് ഖുതുബ് തുടങ്ങിയവർ സദസ്സുമായി സംവദിച്ചു.
ഫോറം ആക്ടിംഗ് പ്രസിഡണ്ട് അഷറഫ് മടിയാരി അദ്ധ്യക്ഷനായ ചടങ്ങിൽ എക്സിക്യൂട്ടീവ് അംഗം അബ്ദുസ്സലാം മാട്ടുമ്മൽ സ്വാഗതവും സുബൈർ വെള്ളിയോട് നന്ദിയും പറഞ്ഞു.മുഹമ്മദ് ഹുസ്സൈൻ വാണിമേൽ മോഡറേറ്റർ ആയിരുന്നു.
![]()
