തിരുവനന്തപുരം: പ്രവാസിസംരംഭകര്‍ക്കായി നോര്‍ക്ക റൂട്ട്സും കാനറ ബാങ്കും സംയ്യക്തമായി സംഘടിപ്പിച്ച ലോണ്‍ ക്യാമ്പില്‍ 10.5 കോടി രൂപയുടെ വായ്പകള്‍ക്ക് ശിപാര്‍ശ നല്കി. 114 പ്രവാസി സംരംഭങ്ങള്‍ക്കായാണ് ഈ തുക ലഭിക്കുക. നോര്‍ക്ക ഡിപ്പാര്‍ട്ട്മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍സ് അഥവ എന്‍.ഡി.പി.ആര്.ഇ.എം പദ്ധതിപ്രകാരമാണ് വായ്പകള്‍ അനുവദിക്കുക. നൂറാടി റോസ് ലോഞ്ചില്‍ നടന്ന ക്യാമ്പും, നടപ്പ് സാമ്പത്തികവര്‍ഷത്തെ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനവും മലപ്പുറം എം എല്‍ എ പി.ഉബൈദുള്ള ഉദ്ഘാടനം ചെയ്തു.
നോര്‍ക്ക റൂട്സ് റസിഡന്റ് വൈസ് ചെയര്മാന് പി. ശ്രീരാമകൃഷ്ണന് അധ്യക്ഷത വഹിച്ചു.
ചടങ്ങില്‍ കനറാ ബാങ്ക് ജനറല്‍ മാനേജരും എസ്.എല്‍.ബി.സി കണ്‍വീനറുമായ കെ.എസ് പ്രദീപ് മുഖ്യപ്രഭാഷണം നടത്തി. സെന്റര്‍ ഫോര്‍ ഡെവലപ്പ്മെന്റ് സ്റ്റഡീസ് അസി. പ്രൊഫസറും എന്‍.ഡി.പി.ആര്.ഇ.എം കോ ഓ ഓര്‍ഡിനേറ്ററുമായ ഡോ. അനില്‍ ബോധവത്കരണ ശില്പശാലയ്ക്ക് നേതൃത്വം നല്കി. നോര്‍ക്ക സി.ഇ.ഒ അജിത് കോളശ്ശേരി സ്വാഗതവും നോര്‍ക്ക റൂട്ട്സ് സെന്റര്‍ മാനേജര്‍ രവീന്ദ്രന് നന്ദിയും പറഞ്ഞു.
നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന നോര്‍ക്ക ഡിപ്പാര്‍ട്മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍സ് (എന്‍.ഡി.പി.ആര്.ഇ.എം) പദ്ധതി പ്രകാരമാണ് ക്യാമ്പ് സംഘടപ്പിച്ചത്. സെന്റര്‍ ഫോര്‍ മാനേജ്മെന്റ് സ്റ്റഡീസിന്റെ സഹകരണത്തോടെയായിരുന്നു ക്യാമ്പ്.
![]()
