റിയാദ്: ഗള്‍ഫിലെ സ്കൂള്‍ അവധി പ്രമാണിച്ചു വിമാനക്കമ്പനികള്‍ അമിത നിരക്ക് ഈടാക്കി പ്രവാസികളെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് റിയാദ് – കോട്ടക്കല്‍ മണ്ഡലം കെ എം സി സി നിർവ്വാഹക സമിതി യോഗം ആവശ്യപ്പെട്ടു. ടിക്കറ്റിന് അമിത നിരക്ക് ഈടാക്കുന്നതിനാല്‍ കുടുംബ സമേതം യാത്ര ചെയ്യുന്ന പ്രവാസികള്‍ക്ക് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാകുന്നുണ്ട്. വിമാനക്കമ്പനികള്‍ പ്രവാസികളെ ചൂഷണം ചെയ്യുന്നത് തടയാന്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാറുകള്‍ ഇടപെടണമെന്ന് യോഗം ആവശ്യപ്പെട്ടു.
എം.എല്‍.എയുടെ പ്രത്യേക വികസന ഫണ്ട് ഉപയോഗിച്ച് കോട്ടക്കല്‍ മണ്ഡലത്തിലെ മുഴുവന്‍ വില്ലേജ് ഓഫീസുകള്‍ക്കും കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും അനുവദിച്ച മണ്ഡലം എം എല്‍ എ പ്രൊഫ. ആബിദ് ഹുസൈന് തങ്ങളെ യോഗം പ്രത്യേകം അഭിനന്ദിച്ചു. കഴിഞ്ഞ ആഴ്ചയില്‍ നിര്യാതനായ മലപ്പുറം ജില്ല മുസ്ലിം ലീഗ് സെക്രട്ടറിയും ദളിത് ലീഗ് നേതാവും ജില്ല പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ എ. പി ഉണ്ണികൃഷ്ണന്റെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു. മലപ്പുറം ജില്ല കെഎംസിസിക്ക് കീഴിലുള്ള വെല്‍ഫെയര്‍ വിംഗിലേക്കുള്ള മണ്ഡലം പ്രതിനിധികളെ തെരഞ്ഞെടുത്തു.
ബത്ഹയില്‍ നടന്ന യോഗം മലപ്പുറം ജില്ല കെഎംസിസി വൈസ് പ്രസിഡന്റ് മൊയ്ദീന് കുട്ടി പൊന്മള ഉദ്ഘാടനം ചെയ്തു. കോട്ടക്കല്‍ മണ്ഡലം കെഎംസിസി ജനറല്‍ സെക്രട്ടറി അഷ്റഫ് പുറമണ്ണൂര്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം കെഎംസിസി പ്രസിഡന്റ് ബഷീര്‍ മുല്ലപ്പള്ളി ചര്‍ച്ച ഉദ്ഘാടനം ചെയ്തു. ട്രഷറര്‍ അബ്ദുല്‍ ഗഫൂര്‍ കൊന്നക്കാട്ടില്‍, ദിലൈബ് ചാപ്പനങ്ങാടി, നിസാര്‍ പാറശ്ശേരി, അബ്ദുല്‍ ഗഫൂര്‍ കോല്‍ക്കളം, ഹാഷിം കുറ്റിപ്പുറം, അബ്ദു റഷീദ് അത്തിപ്പറ്റ, മജീദ് ബാവ തലകാപ്പ്, അബ്ദു റഷീദ് കണിയേരി, ഫാറൂഖ് പൊന്മള, മുഹമ്മദ് കല്ലിങ്ങല്‍, ഫിറോസ് വളാഞ്ചേരി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. മണ്ഡലം കെഎംസിസി ഓര്‍ഗനൈസിങ് സെക്രട്ടറി ഫൈസല്‍ എടയൂര്‍ സ്വാഗതവും ഇസ്മായില്‍ പൊന്മള നന്ദിയും പറഞ്ഞു.
![]()
