റിയാദിലെ പൊതുസമൂഹത്തിൽ നിറസാന്നിധ്യങ്ങളായ പ്രിയ സുഹൃത്തുക്കൾ നാട്ടിൽ ഒത്തു കൂടുന്നു.
നാലു പതിറ്റാണ് മുൻപ് മുതൽ അടുത്തിടെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്കു പോയ വിവിധ ജില്ലകളിൽ നിന്നുള്ളവരുടെ സമാഗമം ആണ് നടക്കാൻ പോകുന്നത്.
റിയാദിലെ മാധ്യമ രംഗത്തും സാമൂഹിക രംഗത്തുമുണ്ടായിരുന്നവരുടെ ചിന്തകളിൽ നിന്നാണ് റിയാദിലെ സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ രംഗത്ത് ഒരുകാലത്ത് വേരൂന്നിയിരുന്ന വ്യക്തിത്വങ്ങളെ കണ്ടെത്തി ഒരു കുടകീഴിലേക്ക് കൊണ്ട് വരാനുള്ള ശ്രമം തുടങ്ങിയത്.ഇതിനായി ഇവർ ഒരു വാട്സാപ്പ് ഗ്രൂപ്പ് “നൊസ്റ്റാൾജിക് റിയാദ് ” എന്ന പേരിൽ തുടങ്ങുകയും ദിവസങ്ങൾക്കകം അഞ്ഞൂറിലധികം മുൻപ്രവാസികളെയും പ്രവാസികളെയും ഇതിലേക്ക് എത്തിക്കാൻ കഴിഞ്ഞു.
സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദ് എന്ന മഹാനഗരത്തിന്റെ ഗൃഹാതുര ഓർമ്മകളുമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി കഴിയുന്ന പ്രവാസി മലയാളികളെ ഒരുമിപ്പിക്കാൻ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ടിവർക്ക് കഴിഞ്ഞു എന്നത് എടുത്തു പറയണ്ട കാര്യം തന്നെയാണ്.

ഒരു കാലഘട്ടത്തിൽ റിയാദിലെ കല, സാംസ്കാരിക, സാമൂഹ്യ, ജീവകാരുണ്യ, മാധ്യമ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നവർ, അവർക്കെല്ലാം ഔദ്യോഗികമായ പദവികളിൽ ഇരുന്നു കൊണ്ട് അകമഴിഞ്ഞ് പ്രോത്സാഹനം നൽകിയിരുന്ന ആ കാലഘട്ടങ്ങളിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ തുടങ്ങി പ്രമുഖരായ വ്യക്തിത്വങ്ങളാണ് ഈ ഗ്രൂപ്പിൽ അംഗങ്ങളായി ചേർന്നിട്ടുള്ളവരെല്ലാം തന്നെ എന്നത് ഈ ഗ്രൂപ്പിന്റെ പ്രാധാന്യം വിളിച്ചോതുന്നു.
എൺപതുകൾ മുതലുള്ള പത്രകട്ടിങ്ങുകൾ ,റിയാദിൽ നടന്ന സാംസ്കാരിക പരിപാടികളുടെയും സൗദി സന്ദർശിക്കാൻ എത്തിയ മന്ത്രിമാർ പങ്കെടുത്ത പരിപാടികളുടെയും ഫോട്ടോ അടക്കം ഗ്രൂപ്പിലേക്ക് നിലക്കാതെ ഒഴുകുകയായിരുന്നു പിന്നീടുള്ള ദിവസങ്ങളിൽ.

തങ്ങളുടെ ചെറുപ്പകാലത്തെ ഫോട്ടോകൾ കണ്ടു ഗ്രൂപ്പിലെ മുതിർന്ന അംഗങ്ങൾ ആഹ്ലാദത്തോടെയും അമ്പരപ്പോടെയും അഡ്മിൻ പാനലിൽ ഉള്ളവരെ വിളിച്ചു സന്തോഷം പങ്കിട്ടു.വർഷങ്ങൾക്ക് ശേഷം കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ളവർ അവരുടെ സൗഹൃദങ്ങൾ പുതുക്കാൻ തുടങ്ങി .പരസ്പരം വിളിച്ചും മെസ്സേജ് ഇട്ടും പ്രവാസ വിശേഷങ്ങൾ പങ്കിട്ടു കൊണ്ടിരിക്കുന്നു.

പ്രവാസ ചരിത്രത്തിൽ സ്വർണ്ണ ലിപികളാൽ രേഖപ്പെടുത്താൻ പറ്റുന്ന തരത്തിലുള്ള ഒരു ഒത്തുകൂടലിന് ഇന്ത്യയിലെ ആദ്യ സാഹിത്യ നഗരമായ കോഴിക്കോട് സാക്ഷിയാകാൻ പോകുകയാണ്.ആഗസ്റ്റ് 17 ന് ശനിയാഴ്ച രാവിലെ 10 മുതൽ വൈകീട്ട് ആറു വരെ കോഴിക്കോട് റാവിസ് കടവ് റിസോർട്ടിൽ ഈ സ്നേഹകൂട്ടായ്മയിലുള്ളവർ കണ്ടുമുട്ടും.അതിനായുള്ള ഒരുക്കത്തിലാണ് സംഘാടകർ.കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ള റിയാദിലെ മുൻ പ്രവാസികൾക്ക് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെട്ട് ഈ സംഗമത്തിന്റെ ഭാഗമാകാം.
859282356/8606442228/7306748855
![]()
