ജിദ്ദ :തിരുവനന്തപുരം വിമാനത്താവള യൂസർ ഫീ വർദ്ധനവിനെതിരെ തിരുവനന്തപുരം പ്രവാസി അസ്സോസിയേഷൻ ജിദ്ദ ശക്തമായി പ്രതിഷേധിച്ചു. ഒരു നിയന്ത്രണവുമില്ലാതെ തുടരുന്ന വിമാന കമ്പനികളുടെ ടിക്കറ്റ് നിരക്ക് കൊള്ളയിൽ പ്രവാസികൾ നട്ടംതിരിയുമ്പോഴുള്ള ഈ യൂസർ ഫീ വർദ്ധനവ് പ്രവാസികൾക്ക് ഇരുട്ടടിയായി. തിരുവനന്തപുരം വിമാനത്താവളം ഉൾപ്പടെ രാജ്യത്തെ വിമാനത്താവളങ്ങൾ പ്രവാസി സൗഹൃദമാക്കുന്നതിന് കേന്ദ്ര സംസ്ഥാന സർക്കാരുകൾ അടിയന്തിരമായി ഇടപെടണമെന്ന് ടിപിഎ ജിദ്ദ ആവശ്യപ്പെട്ടു. കൊല്ലം, ആലപ്പുഴ പത്തനംതിട്ടയും കൂടാതെ തെക്കൻ തമിഴ്നാട് ജില്ലകളിൽ നിന്നുമുൾപ്പടെ നിരവധി പ്രവാസികൾ ആശ്രയിക്കുന്ന കേരളത്തിലെ ഏറ്റവും തിരക്കുള്ള വിമാന താവളമായ തിരുവനന്തപുരത്തെ യൂസർ ഫീ വർദ്ധന സാധാരക്കാരായ പ്രവാസികൾക്ക് താങ്ങാവുന്നതിലുമപ്പുറമാണ്. കൂടാതെ ടിപിഎ ജിദ്ദ ഉൾപ്പടെ നിരവധി നിവേദനങ്ങളും, പരാതികളും നൽകിയതിന്റെ അടിസ്ഥാനത്തിൽ ലഭിച്ച ജിദ്ദ തിരുവനന്തപുരം നേരിട്ടുള്ള വിമാന സർവീസും കഴിഞ്ഞ ഏതാനും വർഷങ്ങളായി മുടങ്ങി കിടക്കുകയാണ്. തിരുവനന്തപുരം വിമാനത്താവള യൂസർ ഫീ പിൻവലിക്കുക, ജിദ്ദയിൽനിന്നും തിരുവന്തപുരത്തേയ്ക്ക് നേരിട്ടുള്ള വിമാന സർവ്വീസ് ആരംഭിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് നിവേദനം നൽകുന്നതിനും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നതിനും തിരുവനന്തപുരം പ്രവാസി അസ്സോസിയേഷൻ ജിദ്ദ മുന്നിട്ടിറങ്ങുമെന്നു പ്രസിഡണ്ട് നാസുമുദ്ദീൻ മണനാക്ക്, ജനറൽസെക്രട്ടറി ഹുസൈൻ ബാലരാമപുരം എന്നിവർ വാർത്താകുറിപ്പിൽ അറിയിച്ചു.

![]()
