ദുബായ് : ഇനി അല്പം ബുദ്ധിമുട്ടേണ്ടി വരും ബന്ധുക്കളെ ദുബായിലേക്ക് കൊണ്ട് വരാൻ. ആശ്രിത വിസയിൽ ബന്ധുക്കളെ യുഎഇയിലേയ്ക്ക് കൊണ്ടുവരുന്നതിനുള്ള നിയന്ത്രണങ്ങൾ കർശനമാക്കി ദുബായ് ഗവൺമെന്റ്. അഞ്ച് ബന്ധുക്കളെ താമസ വിസയിൽ കൊണ്ടുവരുന്നതിന് കുറഞ്ഞത് 10,000 ദിർഹം ശമ്പളവും താമസ സൗകര്യവും ഉണ്ടായിരിക്കണമെന്ന പുതിയ നിബന്ധന പ്രവാസികളിൽ ആശങ്കയുണ്ടാക്കുന്നു.ആറ് പേരെ സ്പോൺസർ ചെയ്യണമെങ്കിൽ 15,000 ദിർഹം ശമ്പളവും ഉണ്ടായിരിക്കണം. ആറിൽ കൂടുതൽ പേരെ സ്പോൺസർ ചെയ്യാനുള്ള അപേക്ഷയിൽ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആന്റ് പോർട്ട്സ് സെക്യൂരിറ്റി (ഐസിപി) ഡയറക്ടർ ജനറലാണ് തീരുമാനമെടുക്കുക. എന്നാൽ പുതിയ നിയമം എന്നാണ് പ്രാബല്യത്തിൽ വരുകയെന്നത് സംബന്ധിച്ച അറിയിപ്പ് ഇതുവരെ ലഭ്യമായിട്ടില്ല. മാത്രമല്ല, ജീവിത പങ്കാളിയും മക്കളും ഉൾപ്പെടെയാണോ 5 പേരെ സ്പോൺസർ ചെയ്യാൻ സാധിക്കുന്നതെന്നത് സംബന്ധിച്ച കൂടുതൽ വിവരങ്ങളും വ്യക്തമല്ല.
നിലവിലുള്ള നിയമം അനുസരിച്ച് റസിഡൻസ് വിസയിൽ ജീവിത പങ്കാളിയെയും മക്കളെയും കൊണ്ടുവരുന്നതിന് കുറഞ്ഞത് 4,000 ദിർഹം ശമ്പളം വേണം. അല്ലെങ്കിൽ 3,000 ദിർഹം ശമ്പളവും സ്വന്തം പേരിൽ താമസ സൗകര്യവും ഉണ്ടായിരിക്കണം.മാതാപിതാക്കളെ കൊണ്ടുവരാൻ 10,000 ദിർഹം ശമ്പളവും 2 ബെഡ് റൂം ഫ്ലാറ്റും നിർബന്ധമാണ്.
![]()
