തിരുവനന്തപുരം:
പ്രവാസികളില്‍ നിന്നു വരുന്ന പണത്തിന്റെ കാര്യത്തില്‍ ഉണ്ടായ മുന്നേറ്റം പ്രവാസി ശേഷിയും പ്രതിഭയും ഉപയോഗിക്കുന്ന കാര്യത്തിലും ഉണ്ടാകണമെന്ന്
മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.നാലാമത് ലോക കേരള സഭയുടെ ഉദ്ഘാടനം നിയസഭയിലെ ശങ്കരനാരയണന്‍ തമ്പി ഹാളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.കുവൈത്ത് അപകടത്തില്‍ ലോകകേരള സഭയുടെ അനുശോചനം മുഖ്യമന്ത്രി അറിയിച്ച ശേഷമായിരുന്നു ഉദ്ഘാടനം നിര്‍വഹിച്ചത്.
പ്രവാസി മലയാളികളുടെ കഴിവും വൈദഗ്ധ്യവും കേരളത്തിന്റെ എല്ലാ മേഖലകളിലും പ്രയോജനപ്പെടുത്താന്‍ സംസ്ഥാനത്തിനു കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
നമ്മുടെ സാമൂഹിക – സാമ്പത്തിക ഘടനയെ ഒന്നാകെ മുന്നോട്ടു ചലിപ്പിക്കാനുള്ള ഉപാധിയായി പ്രവാസത്തെ പ്രയോജനപ്പെടുത്താന്‍ സാധിക്കണം. പ്രവാസികളില്‍ നിന്നുവരുന്ന പണത്തിന്റെ കാര്യത്തില്‍ ഉണ്ടായ മുന്നേറ്റം പ്രവാസിശേഷിയും പ്രതിഭയും ഉപയോഗിക്കുന്ന കാര്യത്തിലും ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോകത്തെമ്പാടുമായി പടര്‍ന്നു കിടക്കുന്ന മലയാളി സമൂഹത്തിന്റെ ഒരു പരിച്ഛേദമാണ് ലോക കേരളസഭ എന്ന വേദിയില്‍ സമ്മേളിക്കുന്നത്. കേരളത്തെ ലോകത്തെമ്പാടും എത്തിച്ച കേരളീയരുടെ പ്രവാസ ചരിത്രത്തിന് ഒരു നൂറ്റാണ്ടിലധികം പഴക്കമുണ്ട്. എന്നാല്‍, ലോകമാകെയുള്ള കേരളീയ പ്രവാസികളെ തിരികെ കേരളവുമായി ഔദ്യോഗികമായി ബന്ധിപ്പിക്കാന്‍ നമുക്കു കഴിഞ്ഞതിന് കഴിഞ്ഞ 7-8 വര്‍ഷത്തെ ചരിത്രമേയുള്ളൂവെന്നും മുഖ്യമന്ത്രി ചൂണ്ടി കാണിച്ചു.
പ്രസീഡിയം അംഗങ്ങളെ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ വേദിയിലേക്ക് ക്ഷണിച്ചു. കേരള മൈഗ്രേഷന്‍ സര്‍വേ റിപ്പോര്‍ട്ട് ഡോ. ഇരുദയ രാജന് മുഖ്യമന്ത്രിക്ക് ചടങ്ങില്‍ സമര്‍പ്പിച്ചു. ഉദ്ഘാടന സമ്മേളനത്തിനു ശേഷം എട്ട് വിഷയാധിഷ്ഠിത ചര്‍ച്ചകളും ഏഴു മേഖലാ സമ്മേളനങ്ങളും നടന്നു.
![]()
