ദോഹ : ഗിന്നസ് വേൾഡ് റെക്കോർഡ് ഉടമ ലൈബ അബ്ദുൽ ബാസിത്തിന്റെ പുതിയ ഇംഗ്ലീഷ് നോവൽ ഓസ്റ്റിൻ മക്കൗലി പ്രസിദ്ധീകരിച്ച ‘അപാർട്ട്, ബട്ട് ടുഗെദർ’ എന്ന പുസ്തകം പ്രശസ്ത നോവലിസ്റ്റും മുൻ കേരള സാഹിത്യ അക്കാദമി ചെയർമാനുമായ എം മുകുന്ദന് പി എം എഫ് ഗ്ലോബൽ പ്രസിഡണ്ട് എം പീ സലീം മയ്യഴിയിൽ വെച്ച് അദ്ദേഹത്തിന് സമ്മാനിച്ചു.
“ഓർഡർ ഓഫ് ദി ഗാലക്സി’ എന്ന പേരിൽ മൂന്ന് പുസ്തകങ്ങളുള്ള പരമ്പര പ്രസിദ്ധീകരിച്ച് ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയ ഖത്തറിലെ മലയാളി വിദ്യാർത്ഥിനിയായ 13 വയസ്സുള്ള എഴുത്തുകാരിയാണ് ലൈബ എ. ബാസിത്. ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡിൽ ‘ഒരു പുസ്തക പരമ്പര പ്രസിദ്ധീകരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി (സ്ത്രീ)’ ആയി നാമനിർദ്ദേശം ചെയ്യപ്പെടുകയും 2024 ജനുവരി 7 വരെ ആ പദവി വഹിക്കുകയും ചെയ്തു.ലൈബയുടെ രണ്ടാമത്തെ പുസ്തകം 2021 ഓഗസ്റ്റ് 29 ന് പത്തു വയസും 164 ദിവസവും പ്രായമുള്ളപ്പോൾ ആണ് പ്രസിദ്ധീകരിച്ചത്. ഖത്തർ പെട്രോളിയം ഉദ്യോഗസ്തനായ ശ്രീ അബ്ദുൽ ബാസിത് മാഹി ആണ് ലൈബയുടെ പിതാവ്.
ലില്ലി, എമിലി എന്നീ രണ്ട് സുഹൃത്തുക്കൾ തമ്മിലുള്ള കത്തിടപാടുകളുടെ വ്യത്യസ്തമായ ഒരു നോവലാണിത്. ലില്ലിയും എമിലിയും വേർപിരിയാൻ ആവാത്ത സുഹൃത്തുക്കൾ ആയിരുന്നു, അവർക്കിടയിലുള്ള ദൂരമോ സമയമോ ഒന്നും തന്നെ അവരുടെ സുഹൃത്ത് ബന്ധത്തിന്റെ ഊഷ്മളതയ്ക്ക് ഒരു വിലങ്ങു തടിയല്ലെന്ന് അവരുടെ കത്തുകളിലൂടെ വായനക്കാർക്ക് കാണാൻ കഴിയും. എന്നിരുന്നാലും, മറ്റേതൊരു സൗഹൃദത്തെയും പോലെ, അവർ പതുക്കെ വേർപിരിയാൻ തുടങ്ങുന്നു. കഥ വികസിക്കുമ്പോൾ, മൂന്നാമതൊരാൾ അയച്ച ഒരു അപ്രതീക്ഷിത കത്ത് അവരുടെ സൗഹൃദം ദൃഢമാക്കുകയോ തകർക്കുകയോ ചെയ്യും.
വളരെ ചെറിയ പ്രായത്തിൽ തന്നെ ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടിയ ലൈബ ബാസിതിനെ എം മുകുന്ദൻ അഭിനന്ദനങ്ങൾ അറിയിക്കുകയും ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ എന്നാശംസിക്കുകയും ചെയ്തു.
![]()
