ജിദ്ദ: പ്രവാസികൾക്കിടയിലെ മികച്ച കലാ സാംസ്കാരിക ഇടപെലുകൾ നിർവ്വഹിക്കുന്ന വ്യക്തിത്വത്തിന് പത്തനംതിട്ട ജില്ലാ സംഗമം ഏർപ്പെടുത്തിയിട്ടുള്ള ഈ വർഷത്തെ ഉല്ലാസ് കുറുപ്പ് സ്മാരക അച്ചീവ്മെൻ്റ് അവാർഡ് 2024 ന് നജീബ് വെഞ്ഞാറമ്മൂടിനെ തെരഞ്ഞെടുത്തതായി പി.ജെ. എസ് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
പ്രവാസ ജിദ്ദയിൽ സംഘടനാ ഭേദങ്ങളില്ലാതെ കലാസാംസ്കാരിക രംഗത്ത് തൻ്റെ സർഗ്ഗസിദ്ധി പരമാവധി അർപ്പണ മനോഭാവത്തോടെ സംഭാവന ചെയ്യുന്ന വ്യക്തിത്വമാണ് നജീബ് വെഞ്ഞാറമ്മൂട്.
ജിദ്ദയിലെ ഒട്ടുമിക്ക സംഘടനകളുടേയും കലാസാംസ്കാരിക പരിപാടികൾക്ക് പൂർണ്ണത ലഭിക്കുവാനുള്ള അവതരണത്തിനും ഏകോപനത്തിനും ചുക്കാൻ പിടിച്ചിട്ടുള്ളത് നജീബ് വെഞ്ഞാറമ്മൂടാണ്. ജിദ്ദ ദർശിച്ചിട്ടുള്ള മലയാളിക്കൂട്ടായ്മകളുടെ ശ്രദ്ധേയമായ പരിപാടികളെ അതീവ മനോഹരമായി കോർത്തിണക്കി ഖ്യാതി നേടിയിട്ടുണ്ട്. അവതരണത്തിനുള്ള പ്രമേയം തയ്യാറാക്കൽ, മികച്ച ഭാഷാ പ്രയോഗങ്ങൾ, ശബ്ദ സൗകുമാര്യം, അർത്ഥവത്തായ ആശയാവിഷ്കാരം, പരിപാടികളുടെ ഏകോപനവും ചിട്ടപ്പെടുത്തലുകളും എന്നിവയാൽ നജീബിൻ്റെ സർഗ്ഗാത്മകത ജിദ്ദയ്ക്കു പരിചിതമാണ്. തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമ്മൂട് സ്വദേശിയാണ്.
പത്തനംതിട്ട ജില്ലാ സംഗമം (പി ജെ എസ്) 2024 മേയ് 3 ന് ഇന്ത്യൻ കോൺസുലേറ്റ് അങ്കണത്തിൽ സംഘടിപ്പിച്ചിരിക്കുന്ന പതിനഞ്ചാം വാർഷികാഘോഷമായ അമൃതോത്സവം 2024 ൽ പുരസ്കാരം സമ്മാനിക്കുമെന്ന് പി ജെ എസ് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു
സേവന സുകൃതത്തിൻ്റെ ഒന്നര പതിറ്റാണ്ടിൻ്റെ ആഘോഷം സമുചിതമാക്കാൻ പിജെഎസ്സ് കോൺസുലേറ്റ് അങ്കണ വേദിയിൽ എത്തിക്കുന്നതെന്നും ഭാരവാഹികൾ അറിയിച്ചു
![]()
