റിയാദ് :കേളി കലാസംസ്കാരിക വേദിയുടെ ഇരുപത്തിമൂന്നാമത് വാർഷികാഘോഷങ്ങളുടെ രണ്ടാം ഘട്ടമായി ഏപ്രിൽ 19ന് മലാസ് ലുലു ഹൈപ്പർ അരീനയിൽ ഗ്രാൻഡ് മാസ്റ്റർ ജി എസ് പ്രദീപ് നയിക്കുന്ന ‘റിയാദ് ജീനിയസ് 2024’ അരങ്ങേറുമെന്നു ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.ഇതുവരെ കേളി നടത്തിയ പരിപാടികളിൽ നിന്നും തികച്ചും വ്യത്യസ്ഥമായി വിജ്ഞാനത്തിലൂന്നിയ വിനോദത്തിന്റെ ഒരു മാസ്മരിക സംഗമം തന്നെയാണ് റിയാദിൽ കാഴ്ച വെക്കാൻ പോകുന്നത്.
പ്രായ ഭേദമന്യേ, ലിംഗ വ്യത്യാസമന്യേ മലയാളികളായ ആർക്കും പങ്കെടുക്കാവുന്നതും അറിവിന്റെ വാതായനങ്ങൾ തുറന്ന് സൗദി അറേബ്യയുടെ തലസ്ഥാന നഗരിയിലെ ജീനിയസ് ആകാനുള്ള സുവർണ്ണാവസരവുമാണ് കേളി സൃഷ്ടിക്കുന്നത്.
അക്കാദമിക്ക് തലങ്ങളിൽ ഉള്ളവരെ മാത്രം മത്സരാർഥികളായി പരിഗണിക്കുന്നത്തിന് പകരം ജീവിത പ്രാരാബ്ദത്താൽ പ്രവാസം സ്വീകരിക്കേണ്ടി വന്നവരെകൂടി അറിവിന്റെ ലോകത്തേക്ക് കൈപിടിച്ചു കൊണ്ടുവരികയും, നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങി പോയേക്കാവുന്ന കഴിവുകളെ പുറംലോകത്ത് എത്തിക്കുകയുമാണ് ‘റിയാദ് ജീനിയസ് 2024’ ലക്ഷ്യം വെക്കുന്നതെന്നു ഭാരവാഹികൾ പറഞ്ഞു.മത്സരത്തിൽ പങ്കെടുക്കുന്നവരുടെ പ്രായം കണക്കാക്കുന്നില്ല, കൂടാതെ സൗദിയിൽ ഹ്രസ്വ സന്ദർശനത്തിന് എത്തിയവർക്കും മത്സരാർത്ഥികളാകാം എന്നതും പ്രത്യേകതയാണ്. വിജയിക്ക് ക്യാഷ് പ്രൈസിനോടൊപ്പം സർട്ടിഫിക്കറ്റും ഫലകവും സമ്മാനിക്കുന്നു. സൗജന്യമായി രജിസ്റ്റർ ചെയ്ത മത്സരാർത്ഥികളിൽ നിന്നും തിരഞ്ഞെടുക്കുന്ന ആറുപേരുമായാണ് ജീനിയസ് മത്സരത്തിലേക്ക് പ്രവേശിക്കുക.
ജീനിയസ് പ്രോഗ്രാമിനോടൊപ്പം അൻവർ സാദത്തും ലക്ഷ്മി ജയനും സംഘവും നയിക്കുന്ന സംഗീതരാവും അരങ്ങേറും. കൂടാതെ കേളി കുടുംബവേദിയുടെ നേതൃത്വത്തിൽ 100ൽ പരം വനിതകൾ അണിനിരക്കുന്ന മെഗാ തിരുവാതിര, റിയാദിലെ പ്രമുഖ ഡാൻസ് സ്കൂൾ വിദ്യാർഥികൾ അവതരിപ്പിക്കുന്ന നൃത്തങ്ങൾ എന്നിവയും പരിപാടിയുടെ ഭാഗമായി അരങ്ങേറും.
പൊതുജനങ്ങൾക്കായി കേളി സംഘടിപ്പിക്കുന്ന ഈ ഈദ് വിഷു ഈസ്റ്റർ ആഘോഷ രാവ് തികച്ചും സൗജന്യ പ്രവേശനമാണ് ഒരുക്കിയിരിക്കുന്നത്.
ഓൺ ലൈൻ ടിക്കറ്റ് ബുക്കിങ് സൈറ്റായ ചുട്ടി ആപ് ആണ് പരിപാടിയുടെ മുഖ്യ പ്രയോജകർ. കൂടാതെ റിയാദിലെ നിരവധി വാണിജ്യ വ്യാപാര സ്ഥാപനങ്ങളും കേളിയോടൊപ്പം കൈകോർക്കുന്നു. റിയാദ് ജീനിയസ്സിനോടനുബന്ധിച്ചു ചുട്ടി ആപ്പിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് 400 റിയാല്‍ വരെ ഡിസ്കൌണ്ട് നല്‍കുമെന്ന് മാനേജ്മന്റ് അറിയിച്ചു.
വാർത്താ സമ്മേളനത്തിൽ ജി എസ് പ്രദീപ്,കേളി രക്ഷധികാരി കെ പി എം സാദിഖ്,പ്രസിഡന്റ്
സെബിൻ ഇഖ്ബാൽ,സെക്രട്ടറി സുരേഷ് കണ്ണപുരം,സംഘാടക സമിതി ചെയർമാൻസുരേന്ദ്രൻ കൂട്ടായ്,
സംഘാടക സമിതി കൺവീനർ മധു ബാലുശ്ശേരി,കേളി ആക്ടിങ് ട്രഷറർ സുനിൽ സുകുമാരൻ എന്നിവർ പങ്കെടുത്തു.
![]()
