റിയാദ് : 18 വർഷമായി റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൾ റഹീമിന്റെ മോചനത്തിനായി ദിയ പണം സമാഹരിക്കുന്ന ദൗത്യം വിജയത്തിലേക്ക് അടുക്കുന്നു. ബുധനാഴ്ച രാത്രി വരെ ഫണ്ടിലേക്ക് എത്തിയത് 18 കോടി രൂപ.ഇനിയും വേണ്ട 34 കോടി രൂപ എന്ന തുകയിലേക്ക് എത്തിക്കാൻ പെരുന്നാൾ ദിനത്തിലും സൗദിയിലെയും മറ്റു രാജ്യങ്ങളിലെയും സുമനസുകൾ ആശ്രാന്ത പരിശ്രമത്തിൽ ആണ്.
സൗദി അറേബ്യ ഉൾപ്പടെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രവാസി സംഘടനകളുടെയും സാമൂഹിക പ്രവർത്തകരുടെയും നേതൃത്വത്തിൽ സജീവ കാമ്പയിൻ നടക്കുന്നുണ്ടന്ന് റിയാദിൽ റഹീം നിയമസഹായ സമിതി ഭാരവാഹികൾ പറഞ്ഞു. സമിതിയുടെ ആഭിമുഖ്യത്തിൽ ചെറിയ പെരുന്നാൾ ദിവസം ധനസമാഹരണം ലക്ഷ്യമിട്ട് ബിരിയാണി ചലഞ്ച് വിജയമായിരുന്നു.
25 റിയാലിന് 20,000 പായ്ക്കറ്റ് ബിരിയാനിയാണ് വിതരണം ചെയ്തത്. റിയാദിലെ ഡ്രൈവേഴ്സ് കൂട്ടായ്മയിലെ അംഗങ്ങൾ വളരെ സജീവമായി ബിരിയാണി വിതരണത്തിന് ഇറങ്ങിയപ്പോൾ ചലഞ്ച് വൻ വിജയമായി.
റിയാദ് പ്രവിശ്യയിലെ 250 കിലോ മീറ്റര്‍ ചുറ്റളവില്‍ ബിരിയാനി പാര്‍സലുകള്‍ വിതരണം ചെയ്തു. 300 വളന്റിയര്‍മാരുടെ നേതൃത്വത്തിലായിരുന്നു വിതരണം. മലയാളി ഡ്രൈവേഴ്സ് കൂട്ടായ്മ 150 വാഹനങ്ങള്‍ ബിരിയാനി പാര്‍സല്‍ വിതരണം ചെയ്യുന്നതിന് സൗജന്യ സര്‍വീസ് നടത്തി.
![]()
