അബുദാബി :റമദാൻ വൃതാനുഷ്ഠാനങ്ങൾക്ക് ശേഷം ആഘോഷ രാവുളിലേക്ക് കടക്കുന്നു. പെരുന്നാളിനോടനുബന്ധിച്ച് മൂന്ന് ദിവസങ്ങളിൽ അതിഗംഭീര പരിപാടികളാണ് അബുദാബിയിൽ ഒരുക്കിയിരിക്കുന്നത്. സാംസ്കാരിക പരിപാടികൾ, വിനോദം, കരിമരുന്ന് കലാപ്രകടനം, വിവിധ സ്റ്റേജ് ഷോകൾ, കുതിര സവാരികൾ തുടങ്ങി നിരവധി പരിപാടികളാണ് പൊതുജനങ്ങൾക്കായി ഒരുക്കിയിരിക്കുന്നത്.
അബുദാബി യാസ് മറീനയിലും യാസ് ബേ വാട്ടർഫ്രണ്ടിലും ഗംഭീര കരിമരുന്ന് പ്രകടനങ്ങളാണ് ആകാശത്ത് വിരിയുക. ഈദിൻ്റെ മൂന്ന് ദിവസങ്ങളിലും രാത്രി 9 മണിക്ക് ആഘോഷങ്ങൾ ആരംഭിക്കും. ഞായറാഴ്ച മുതൽ ജൂൺ 20 വരെ യാസ് ക്രിയേറ്റീവ് ഹബിന് അടുത്തായി സ്ഥിതി ചെയ്യുന്ന ഫോണ്ടാന സർക്കസ് കൂടാരത്തിൽ അന്തർദേശീയ സർക്കസ് ആക്ടുകൾക്കൊപ്പം ലോകോത്തര മ്യൂസിക്കൽ ഡാൻസിങ് ഫൗണ്ടൻ്റെ വിസ്മയിപ്പിക്കുന്ന പ്രകടനങ്ങൾ, മാന്ത്രികത ജാലങ്ങൾ തുടങ്ങിയവ അസ്വദിക്കാൻ സാധിക്കും.
യാസ് ദ്വീപിലെ എല്ലാ തീം പാർക്കുകളിലും ഈദിൻ്റെ നാല് ദിവസങ്ങളിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കും. ഫെരാരി വേൾഡിലെയും യാസ് വാട്ടർവേൾഡിലെയും സന്ദർശകർക്ക് വിവിധ റൈഡുകൾക്ക് പുറമെ പരമ്പരാഗത നൃത്തവും ആസ്വദിക്കാം.
സീ വേൾഡിലെ സന്ദർശകർക്ക് സമുദ്രജീവികളുടെ ലോകത്തെ കൗതുകകരമായ ദൃശ്യങ്ങളും മത്സ്യ കന്യകകളുടെ നൃത്തം, മനോഹരമായ മണൽ കലകൾ, മീൻ വല നിർമ്മാണം, ഫാൽക്കൺ കൈകാര്യം ചെയ്യൽ എന്നിവയും കാണാൻ സാധിക്കും. ഉമ്മുൽ ഇമറാത്ത് പാർക്കിൽ വൈകുന്നേരം 5 മുതൽ രാത്രി 10 വരെ കുതിര – ഒട്ടക സവാരി തുടങ്ങിയവയും സംഘടിപ്പിക്കും.
![]()
