റിയാദ്: കുട്ടികൾക്കിടയിലെ സോഷ്യൽ മീഡിയ ഉപയോഗത്തിന് രക്ഷിതാക്കൾ കർശന നിയന്ത്രണം ഏർപ്പെടുത്തണമെന്നും സ്കൂൾ സമയത്തിനു ശേഷമുള്ള ബാക്കി സമയങ്ങൾ കുട്ടികൾക്കൊപ്പം ചെലവഴിക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്നും അതിലൂടെ രക്ഷിതാക്കൾക്ക് കുട്ടികളുടെ ഏറ്റവും അടുത്ത സുഹൃത്തായി മാറാൻ കഴിയണമെന്നും എങ്കിൽ മാത്രമേ കുട്ടികളിൽ പെട്ടെന്നുണ്ടാവുന്ന മാനസികവും ശാരീരികവുമായ മാറ്റങ്ങൾ തിരിച്ചറിയാൻ സാധിക്കുകയുള്ളൂ എന്നും മലപ്പുറം ജില്ലാ കെ. എം. സി. സി പ്രസിഡൻറ് മുഹമ്മദ് വേങ്ങര അഭിപ്രായപ്പെട്ടു.
മലപ്പുറം ജില്ലാ കെ.എം.സി.സി വെൽഫെയർ വിങ്ങ് സംഘടിപ്പിച്ച ലഹരി, ആത്മസംഘർഷം ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുട്ടികൾക്കിടയിൽ വർദ്ധിച്ചുവരുന്ന ലഹരിയുടെ ഉപയോഗവും വിദ്യാലയ പരിസരങ്ങളിലെ ഇത്തരം ലഹരിപദാർത്ഥങ്ങളുടെ ലഭ്യതയും ഗണ്യമായി വർദ്ധിക്കുന്നതിൽ ആശങ്കയുണ്ടെന്നും അധ്യാപകരും രക്ഷിതാക്കളും പൊതുസമൂഹവും ഇതിനെതിരെ ഒറ്റക്കെട്ടായി ചെറുത്തു നിൽക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ മലപ്പുറം ജില്ലാ കെ.എം. സി. സി വെൽഫെയർ വിംഗ് ആക്ടിംഗ് ചെയർമാൻ റിയാസ് തിരൂർക്കാട് അധ്യക്ഷത വഹിച്ചു.
ക്യാമ്പിന്റെ ഭാഗമായി നടന്ന ഒന്നാം സെഷനിൽ ലഹരിയും ജീവിതവും എന്ന വിഷയം ആസ്പദമാക്കി സഹൽ ഹാദി ക്ലാസ് എടുത്തു. രണ്ടാം സെഷനിൽ പ്രവാസിയും ആത്മസംഘർഷവും എന്ന വിഷയം ആസ്പദമാക്കി ഷാഫി മാസ്റ്റർ തുവ്വൂരും, രക്ഷിതാക്കളിലെ അമിത ആത്മവിശ്വാസം എന്ന വിഷയത്തിൽ മൈമൂന ടീച്ചറും ക്ലാസ്സ് എടുത്തു.
സൗദി നാഷണൽ കമ്മറ്റി അംഗങ്ങളായ ഉസ്മാനലി പാലത്തിങ്ങൽ, ശുഹൈബ് പനങ്ങാങ്ങര,റിയാദ് ഒ.ഐ.സി.സി ജനറൽ സെക്രട്ടറി അബ്ദുള്ള വല്ലാഞ്ചിറ, മലപ്പുറം ജില്ലാ കെ.എം.സി.സി ജനറൽ സെക്രട്ടറി അസീസ് വെങ്കിട്ട, നാസർ മാങ്കാവ്, ഷൗക്കത്ത് കടമ്പോട്ട്, ഷാഫി ചിറ്റത്തുപാറ യാമ്പൂ കെ.എം.സി.സി ചെയർമാൻ സിറാജ് മുസ്ലിയാരകത്ത് എന്നിവർ സംസാരിച്ചു. ഇസ്മായിൽ പടിക്കൽ, ഇസ്മായിൽ താനൂർ, ബാബു മഞ്ചേരി, ഇസ്ഹാഖ് താനൂർ, ഹനീഫ മുതുവല്ലൂർഎന്നിവർ നേതൃത്വം നൽകി. ജനറൽ കൺവീനർ ഷറഫു പുളിക്കൽ സ്വാഗതവും ട്രഷറർ റഫീഖ് ചെറുമുക്ക് നന്ദിയും പറഞ്ഞു.
![]()
