ഷാർജ : യു എ ഇ യിലെ ഏറ്റവും പുതിയ ആകർഷണമായി മാറി 1.6 ദശലക്ഷം ചതുരശ്ര അടി വിസ്തൃതിയിൽ പരന്നുകിടക്കുന്ന ഷാർജയിലെ പൂന്തോട്ടമായ ‘ഹാങ്ങിംഗ് ഗാർഡനിൽ സന്ദർശക ഒഴുക്ക് തുടരുന്നു.രാജ്യത്തേക്ക് കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പൂന്തോട്ടം ഒരുക്കിയിരിക്കുന്നത്.സമുദ്രനിരപ്പിൽ നിന്ന് 281 മീറ്റർ ഉയരത്തിൽ ഒരുക്കിയിരിക്കുന്ന ഈ മനോഹരമായ പൂന്തോട്ടത്തിൽ 100,000 ത്തോളം മരങ്ങളും ഉൾപ്പെടുന്നു. കാർഷിക ഇടങ്ങൾ, ടെറസുകളെ അലങ്കരിക്കുന്ന പൂക്കൾ, വെള്ളച്ചാട്ടങ്ങൾ, ഇടതൂർന്ന മരങ്ങൾ എന്നിവയായിരിക്കും ഇവിടെ വരുന്ന വിനോദസഞ്ചാരികളെ പ്രധാനമായും ആകർഷിക്കുക.ഏകദേശം 215 പേർക്ക് വരെ ഇരിക്കാവുന്ന ഗാർഡന് നടുവിലുള്ള റെസ്റ്റോറന്റിൽ നല്ല തിരക്കാണ്.
പൂന്തോട്ടങ്ങളുടെയും വെള്ളച്ചാട്ടത്തിൻ്റെയും അതിശയകരമായ കാഴ്ചകളുൾക്കൊള്ളുന്ന അർദ്ധവൃത്താകൃതിയിലുള്ള വാസ്തുവിദ്യയിലാണ് ഈ റെസ്റ്ററന്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. കൂടാതെ മലകയറ്റത്തിനായി ഒരുക്കിയിരിക്കുന്ന പാതകളെ മൂന്നായി തിരിച്ചിട്ടുണ്ട്. ഇതിലൂടെ ഒരു എക്സ്കർഷൻ ട്രെയിൻ സഞ്ചരിക്കും. 820 മീറ്റർ നീളമുള്ള ഈ ട്രെയിനിൽ 55 പേർക്ക് യാത്ര ചെയ്യാനാകും.പാർക്കിൽ 262 കാർ പാർക്കിംഗ് സ്ഥലങ്ങൾ, ഇലക്ട്രിക് വാഹന ചാർജിംഗ് സ്റ്റേഷനുകൾ, വിശ്രമമുറികൾ, പ്രാർത്ഥനാ മുറികൾ, ലഘുഭക്ഷണത്തിനുള്ള കഫറ്റീരിയ എന്നിവയും ഉൾപ്പെടുന്നു. പ്രദേശവാസികൾക്കും വിനോദസഞ്ചാരികൾക്കും ഒരുപോലെ കൗതുകമുണർത്തുന്ന ഒരു മികച്ച വിനോദസഞ്ചാര കേന്ദ്രമാണ്.
![]()
