അബൂദബി: അബൂദബി കേരള സോഷ്യല്‍ സെന്റര്‍ സംഘടിപ്പിക്കുന്ന 24-ാമത് ജിമ്മി ജോര്‍ജ് സ്മാരക അന്താരാഷ്ട്ര റമസാന്‍ വോളിബോള്‍ ടൂര്‍ണമെന്റ് 2024 മാര്‍ച്ച് 27 മുതല്‍ 31 വരെ നടക്കും. എല്ലാ ദിവസവും രാത്രി എട്ടിന് മത്സരങ്ങള്‍ ആരംഭിക്കും. പ്രവേശനം സൗജന്യമായിരിക്കും.
അബൂദബി എയര്‍പോര്‍ട്ട് റോഡില്‍ എമിഗ്രേഷന്‍ ബ്രിഡ്ജിന് പിറകു വശത്തുള്ള ലിവ ഇന്റര്‍നാഷണല്‍ സ്കൂള്‍ സ്റ്റേഡിയത്തില്‍ വെച്ചാണ് മത്സരം നടക്കുക. ബുര്‍ജീല്‍ ഹോള്‍ഡിംഗ്സിന്റെ എല്‍ എല്‍ എച്ച് ഹോസ്പിറ്റല്‍ ഗ്രൂപ്പുമായി സഹകരിച്ചു കൊണ്ടാണ് വോളിബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
മാര്‍ച്ച് 27 ന് രാത്രി എട്ടിന് ബുര്‍ജീല്‍ ഹോള്‍ഡിംഗ്സ് ചെയര്മാന് ഡോ. ഷംസീര്‍ വയലില്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി കേരള സോഷ്യല്‍ സെന്റര്‍ കലാകാരന്മാരും കലാകാരികളും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും അരങ്ങേറും. ഇന്ത്യ, യു എസ് എ, യു എ ഇ, ഇറാന്, പാക്കിസ്ഥാന്, ഈജിപ്ത്, ബ്രസീല്‍, കൊളംബിയ, ലെബനോണ്, ക്യൂബ, റഷ്യ, സെര്‍ബിയ തുടങ്ങിയ രാജ്യങ്ങളിലെ ദേശീയ അന്തര്‍ദേശീയ താരങ്ങള്‍ മത്സരത്തില്‍ പങ്കെടുക്കും.
വോളിബാള്‍ ഇതിഹാസം ജിമ്മി ജോര്‍ജിന്റെ സ്മരണാര്‍ഥം 1989 ലാണ് അബൂദബി കേരള സോഷ്യല്‍ സെന്റര്‍ ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ വോളിബാള്‍ ടൂര്‍ണമെന്റ് ആരംഭിച്ചത്.
വാർത്ത സമ്മേളനത്തിൽ കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് എ കെ ബീരാന്‍കുട്ടി, ബുര്‍ജീല്‍ ഹോള്‍ഡിങ്സ് സി ഒ ഒ. സഫീര്‍ അഹമ്മദ്, ടൂര്‍ണമെന്റ് കോര്‍ഡിനേറ്റര്‍ ടി എം സലിം, കേരള സോഷ്യല്‍ സെന്റര്‍ ജനറല്‍ സെക്രട്ടറി കെ സത്യന്, ഫൈനാന്‍സ് കണ്‍വീനര്‍ അഡ്വ. അന്‍സാരി സൈനുദ്ദീന്‍, കായിക വിഭാഗം സെക്രട്ടറി റഷീദ് അയിരൂര്‍ എന്നിവർ പങ്കെടുത്തു.
![]()
