റിയാദ് : ഇനി കാൽപ്പന്ത്കളിയുടെ ആവേശം ആരവവും സൗദിയുടെ തീരങ്ങളിലും അലയടിക്കും. 2034 ലെ ലോകകപ്പ് ഫുട്ബാളിന് ആതിഥേയത്വം വഹിക്കാനുള്ള സൗദി അറേബ്യയുടെ നാമനിർദേശ ഫയലിന്റെ ഭാഗമായി ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്ത് സൗദി ഫുട്ബാൾ ഫെഡറേഷൻ. ‘വളരുന്നു, ഞങ്ങൾ ഒരുമിച്ച്’ എന്ന ശീർഷകത്തോട് കൂടിയതാണ് ലോഗോ. കൂടാതെ saudi2034bid.com എന്ന ഔദ്യോഗിക വെബ്സൈറ്റും ഇതോടൊപ്പം ലോഞ്ച് ചെയ്തിട്ടുണ്ട്.ഫുട്ബാൾ ലോകത്തെ ഏറ്റവും ത്വരിതഗതിയിലുള്ള വളർച്ചയും സൗദി അറേബ്യ സാധ്യമാക്കിയ വലിയ പരിവർത്തനവും പ്രതിഫലിപ്പിക്കുന്ന ലോഗോ ആണ് ഇതെന്ന് സൗദി ഫുട്ബാൾ ഫെഡറേഷൻ പുറത്ത് വിട്ട പ്രസ്താവനയിൽ പറഞ്ഞു. ‘ഒരുമിച്ച് മനുഷ്യരുടെ കഴിവുകൾ വികസിപ്പിക്കാൻ’, ‘ഒരുമിച്ച് ഫുട്ബാൾ വികസിപ്പിക്കാൻ’, ‘ഒരുമിച്ച് ആശയവിനിമയത്തിന്റെ പാലങ്ങൾ വികസിപ്പിക്കാൻ’ എന്നീ മൂന്ന് പ്രധാന സ്ലോഗനുകൾ ഉൾപ്പെടുന്നതാണ് സൗദിയുടെ നാമനിർദേശ ഫയൽ.
ലോഗോയിൽ 34 എന്ന സംഖ്യയുടെ രൂപത്തിൽ ഫുട്ബാളുമായി ബന്ധപ്പെട്ട വിവിധ ചിഹ്നങ്ങളുടെ വർണ്ണാഭമായ വരകൾ അടങ്ങിയിട്ടുണ്ട്. ഇത് ലോകകപ്പിന്റെ 25ാം പതിപ്പായ 2034ലെ ടൂർണമെന്റിനെ സൂചിപ്പിക്കുന്നതാണ്. സൗദിയുടെ ഭൂമിശാസ്ത്രപരമായ ഭൂപടത്തിന്റെ ആകൃതിയിലാണ് ലോഗോ. അഞ്ച് വ്യത്യസ്ത നിറങ്ങൾ ഉൾക്കൊള്ളുന്നതാണ് ലോഗോ. ഇത് സൗദി സമൂഹത്തെയും രാജ്യത്തിന്റെ ആകർഷകമായ ഭൂപ്രദേശത്തെയും ചിത്രീകരിക്കുന്ന മഹത്തായ വൈവിധ്യത്തെ പ്രതിഫലിപ്പിക്കുന്നതാണ്.
മരുപ്പച്ചകളുടെ സൗന്ദര്യം പ്രതിഫലിപ്പിക്കുന്ന പച്ച നിറം, ഔദാര്യവും ആധികാരികതയും ഉൾക്കൊള്ളുന്ന ഓറഞ്ച് നിറം, ചെങ്കടലിലെ പവിഴപ്പുറ്റുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ചുവപ്പ് നിറം, ലാവെൻഡർ പൂവിന്റെ നിറങ്ങൾ പ്രതിഫലിപ്പിക്കുന്ന ലാവെൻഡർ നിറം, ശോഭനമായ ഭാവിയിലേക്കുള്ള സൗദി ജനതയുടെ സ്വപ്നങ്ങളും അഭിലാഷങ്ങളും ഉൾക്കൊള്ളുന്ന മഞ്ഞ നിറം എന്നിവയാണ് ലോഗോയിലെ നിറങ്ങൾ.
![]()
