റിയാദ് : “ജീവകാരുണ്യത്തിനൊരു കൈത്താങ്ങ്”എന്ന സന്ദേശവുമായി പ്രവർത്തിക്കുന്ന ഡ്രൈവേഴ്സ് കൂട്ടായ്മയായ “സേഫ് വേ സാന്ത്വനം” എട്ടാം വാർഷികത്തോടനുബന്ധിച്ച് 29 വ്യാഴാഴ്ച്ച നടത്തുന്ന “സേഫ് വേ നൈറ്റ് ” ന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ റിയാദിൽ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
വൈകിട്ട് 6 മണി മുതൽ റിയാദിലെ ഷെയ്ഖ് ജാബർ റോഡിലുള്ള നവറസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ പ്രമുഖ മാപ്പിളപ്പാട്ട് ഗായകൻ കണ്ണൂർ ഷെരീഫ്, അക്ബർ ഖാൻ, മൻസൂർ ഇബ്രാഹിം,ഫാസിലാ ബാനു എന്നിവർ നയിക്കുന്ന ഗാനമേളയും റിയാദിലെ കലാകാരന്മാർ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും സാംസ്കാരിക സമ്മേളനവും ഉണ്ടാവും.
കഴിഞ്ഞ 8 വർഷമായി റിയാദിലെ ഡ്രൈവർമാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും താങ്ങും തണലുമായി ഈ കൂട്ടായ്മ പ്രവർത്തിക്കുന്നു.ഇഫ്താർ സംഗമങ്ങൾ, ലേബർ ക്യാമ്പുകളിലെ ഭക്ഷ്യ കിറ്റ് വിതരണങ്ങൾ, അംഗങ്ങൾക്കായിചികിത്സാസഹായം, അത്യാവശ്യ ഘട്ടങ്ങളിൽ ഘട്ടങ്ങളിൽ വിമാനടിക്കറ്റുകൾ എന്നിവ അടക്കം നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ സംഘടന നടത്തുന്നു.
സംഘടനയിലെ അംഗങ്ങളുടെ ആരോഗ്യപരിപാലനത്തിന് പ്രാധാന്യം നൽകി റിയാദിലെ വിവിധ പോളിക്ലിനിക്കുകളുമായി ചേർന്ന് മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കാറുണ്ട്.
കൂട്ടായ്മാ അംഗങ്ങളായ മരണപ്പെട്ട നജീബ് ആനവാതിൽ, ഹസ്സൻ ഫാറൂഖ്, സലാം അഞ്ചൽ, ലൂയിസ് കൊല്ലം, ഷെഫിമോൻ റഹിം, ഫൈസൽ കോഴിക്കോട് എന്നിവരുടെ കുടുംബങ്ങൾക്ക് സഹായം എത്തിക്കാനും അവരുടെ കുടുംബങ്ങളുടെ വേദനയിൽ പങ്കു ചേർന്ന് തന്നയാണ് കൂട്ടായ്മ പ്രവർത്തിച്ചിട്ടുള്ളത്.ഇതുവരെ 33 ലക്ഷം രൂപയിലധികം സഹായധനം നൽകാൻ കഴിഞ്ഞിട്ടുണ്ട്.
സേഫ് വേ സാന്ത്വനം അംഗങ്ങളിൽ നിന്നും സ്വരൂപിക്കുന്ന തുകയാണ് ഇത്തരത്തിൽ സഹായധനമായി നൽകുന്നത്.
വാർത്താ സമ്മേളനത്തിൽ സേഫ് വെ ചെയർമാൻ ബഷീർ കുട്ടംബൂർ, പ്രസിഡന്റ് ഹനീഫ കാസർക്കോട്,സെക്രട്ടറി അഷറഫ് ബാലുശ്ശേരി,ട്രഷറർ മുഹമ്മദലി എഗരൂർ,ചാരിറ്റി ചെയർമാൻ മുസ്തഫ ചെറുപ്പുളശ്ശേരി,മീഡിയ കൺവീനർ സാജിം തലശ്ശേരി.
ജോയിന്റ് സെക്രട്ടറിമാരായ ജൈസൽ നന്മണ്ട,അഷറഫ് രാമനാട്ടുകര എന്നിവർ പങ്കെടുത്തു.

![]()
