മക്ക : സൗദി സ്ഥാപക ദിനത്തോടനുബന്ധിച്ചു മക്കയുടെ ചരിത്രവും പൈതൃകവും വിളിച്ചോതുന്ന എക്സിബിഷനിൽ വൻ തിരക്ക്.മക്കയിലെ മുസ്ദലിഫയിൽ മക്ക റോയൽ കമ്മീഷൻ സംഘടിപ്പിച്ചിരിക്കുന്ന അറബ് മേഖലയുടെ കഥ പറയുന്ന എക്സിബിഷൻ 10 ദിവസമാണ്.മക്ക സഹസ്രാബ്ദങ്ങളായി ജനങ്ങളെ ഒന്നിപ്പിക്കുന്നതിന്റെ കഥയും ചരിത്രവുമാണ് കാണാനും കേൾക്കാനും ആയി ഇവിടെ ഒരുക്കിയിരിക്കുന്നത്.സൗദിയുടെ സ്ഥാപിത കാലം മുതൽ ഇന്നുവരെയുള്ള ചരിത്രം പറയുന്ന ചുമർചിത്രങ്ങളും 30ലധികം കരകൗശല വിദഗ്ധർ ഒരുക്കുന്ന സൗദി പാരമ്പര്യം വിളിച്ചോതുന്ന കരകൗശല വസ്തുക്കളും കാണാം.സൗദി രാജാക്കന്മാർ ഉപയോഗിച്ച കാറുകളും പഴയ വാഹനങ്ങളും പ്രദർശനത്തിൽ ഉണ്ട്.മക്ക മുനിസിപ്പാലിറ്റി, മക്ക ചേംബർ, അൽ ബലദുൽ അമീൻ,ദുയൂഫു റഹ്മാൻ, കിദാന എന്നീ കമ്പനികളുടെ സഹകരണത്തോടെ നടക്കുന്ന എക്സിബിഷൻ വൈകുന്നേരം നാലു മുതൽ ഒരു മണി വരെയാണ്.സൗജന്യ പ്രവേശനം രെജിസ്ട്രേഷനിലൂടെയാണ്.
![]()
