റിയാദ്: കണ്ണെത്താത്ത ദൂരം മരുഭൂമിയിൽ പൂത്തു കിടക്കുന്ന നീല ലാവൻഡർ കാണാനും സുഗന്ധം ആസ്വദിക്കാനും സഞ്ചാരികളുടെ ഒഴുക്ക്. വായനയിലും വർണ്ണ ചിത്രങ്ങളിലും മാത്രം കണ്ടും കേട്ടും വായിച്ചും അറിവ് മാത്രമുള്ള പ്രവാസികൾക്ക് മരുഭൂമിയുടെ സമ്മാനമാണ് ഈ ലവൻഡർ കാഴ്ചകൾ. സൗദിയുടെ തലസ്ഥാന നഗരമായ റിയാദിൽ നിന്ന് 250 കിലോമീറ്റർ അകലെ മദീന റോഡിൽ നിന്നു അല്പം മാറി സ്ഥിതി ചെയ്യുന്ന അൽ ഖാഇയ എന്ന മരുഭൂമിയിലാണ് നീല ലാവൻഡർ പൂത്തു നിൽക്കുന്നത്. കാഴ്ചയിൽ മനോഹരമായ ഇവയുടെ സുഗന്ധം വളരെ പ്രശസ്തമാണ്. വീശിയടിക്കുന്ന തണുത്ത കാറ്റിൽ ഇവയുടെ സുഗന്ധം കൂടി പരക്കുന്നതോടെ സഞ്ചാരികൾ ഇവിടം കണ്ട് മടങ്ങാൻ വൈകുന്നു. കിലോമീറ്ററുകളോളം പൂത്തു കിടക്കുന്ന ഇവക്കിടയിൽ ചെറിയ ടെന്റുകൾ കെട്ടിയും പരവതാനി വിരിച്ചു ചൂട് അറബിക് ഗഹ്വവ കുടിച്ചും സഞ്ചാരികൾ സമയം ചിലവഴിക്കുന്നു.

മലയാളി വ്ലോഗർമ്മാരാണ് ഇവിടം സന്ദർശിക്കുകയും മനോഹര ഇടത്തിന്റെ വീഡിയോ സമൂഹ മാധ്യമത്തിലൂടെ പ്രചരിപ്പിക്കുകയും ചെയ്തത്. തുടർന്ന് സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി സഞ്ചാരികൾ ഇവിടെ എത്തി തുടങ്ങി. സന്ദർശകരിൽ അധികവും മലയാളികളാണ്. മണൽ കാറ്റ് മാത്രം വീശിയടിച്ചിരുന്ന മരുഭൂമിയിൽ ഇപ്പോൾ ലാവൻഡർ സുഗന്ധം പരത്തി വരുന്ന ഇളം കാറ്റ് പ്രവാസികളുടെ ഉള്ള് നിറക്കുന്നുണ്ട്.
![]()
