റിയാദ് : റിയാദിലെ പ്രമുഖ ജീവകാരുണ്യ സംഘടനയായ റിയാദ് ഇന്ത്യൻ അസോസിയേഷൻ (റിയ) ഇരുപത്തിമൂന്നാമത് വാർഷികം പൂർവ്വാധികം ഭംഗിയായി അൽമാസ് ആഡിറ്റോറിയത്തിൽ വെച്ച് ജനുവരി 12-ആം തിയതി ആഘോഷിച്ചു.പ്രസിഡന്റ് ഡെന്നി ഇമ്മട്ടി അധ്യക്ഷത വഹിച്ചു. വാർഷികം പൊതുയോഗം ഉപദേശക സമിതി അംഗം അബ്ദുൽ സലാം ഉത്ഘാടനം ചെയ്തു. റിയയുടെ 23 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെയും ഇന്ത്യൻ സമൂഹത്തിനു നൽകിവരുന്ന ജീവകാരുണ്യ സേവനങ്ങളെയും അദ്ദേഹം ഉത്ഘാടന പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു.
സെക്രട്ടറി ഉമ്മർകുട്ടി വാർഷിക റിപ്പോർട്ടും ഖജാൻജി ബിജു ജോസഫ് വാർഷിക കണക്കും ,ജീവകാരുണ്ണ്യ വിഭാഗം കൺവീനർ സൂരജ് വത്സലാ, കലാസാംസ്കാരിക വിഭാഗം കൺവീനർ ഹബീബ്റഹ്മാൻ ,മീഡിയ വിഭാഗം കൺവീനർ സിനിൽ സുഗതൻ എന്നിവർ അതാത് കമ്മിറ്റികളുടെ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. എല്ലാ വർഷവും നടത്താറുള്ള സ്കൂൾ എയിഡ് ( 2,80,000 രൂപ ) റിയ അംഗങ്ങളിൽ നിന്നും നറുക്കെടുപ്പിൽ കൂടി ഭാഗ്യവാന്മാരായ എട്ട് അംഗങ്ങളെ തിരഞ്ഞെടുത്തു. റിയ ഈ കാലയളവിൽ ഇന്ത്യയിലെ നൂറിൽപരം സ്കൂളുകൾക്ക് ഈ വിധത്തിലുള്ള സഹായം ചെയ്തതായി നറുക്കെടുപ്പിനു നേതൃത്വം കൊടുത്തവർ വിശദീകരിച്ചു. റിയയില്‍ പതിനഞ്ചു വര്‍ഷം പൂര്‍ത്തിയാക്കിയ ഗിരിജൻ, മെഹ്ബൂബ്, ബാബുരാജ് എന്നിവരെ ആദരിച്ചു.
സെക്രട്ടറി ഉമ്മർകുട്ടി സ്വാഗതവും ജോയിന്റ് സെക്രട്ടറി ശിവകുമാർ നന്ദിയും രേഖപ്പെടുത്തി. ദേശീയ ഗാനത്തോടെ യോഗം അവസാനിച്ചു.
![]()
