മങ്കട : മലബാറിലെ പുരാതന മുസ്ലിം കുടുംബമായ തയ്യിൽ കുടുംബത്തിൻ്റെ മങ്കട – ചേരിയം പ്രദേശത്തെ നൂറ്റി ഇരുപത്തി നാല് കുടുംബങ്ങളിലെ എഴുന്നൂറിലധികം വരുന്ന കുടുംബാംഗങ്ങൾ പ്രൊ. ഹംസ തയ്യിൽ മെമ്മോറിയൽ ഐ.എം.എസ് ഓഡിറ്റോറിയത്തിൽ സംഗമിച്ചപ്പോൾ അത് ഒരുമയുടെയും സ്നേഹത്തിന്റെയും മാതൃകയായി.
തയ്യിൽ കുടുംബത്തിലെ ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും മുതിർന്ന കാരണവരായ സൈനുദ്ദീൻ ഹാജി സംഗമം ഉദ്ഘാടനം ചെയ്തു. പ്രശസ്ത പീഡിയാട്രീഷ്യൻ ഡോ. അബൂബക്കർ തയ്യിൽ ഉദ്ഘാടന പ്രഭാഷണം നിർവഹിച്ചു.
ഉദ്ഘാടന സമ്മേളനത്തിൽ തയ്യിൽ കുടുംബത്തിൻ്റെ പ്രസിഡൻ്റ് ഹംസ തയ്യിൽ അധ്യക്ഷത വഹിച്ചു. ഉമർ തയ്യിൽ മുഖ്യ പ്രഭാഷണം നിർവഹിച്ചു. എഴുത്തുകാരനും പണ്ഡിതനും ചന്ദ്രിക ദിനപത്രത്തിൻ്റെ ചീഫ് എഡിറ്ററുമായിരുന്ന പ്രൊ. അബ്ദുൽ അസീസ് മൗലവിയേയും, നെഹ്റു യുവകേന്ദ്ര സോണൽ ഡയറക്ടറും, മികച്ച സാംസ്കാരിക പ്രവർത്തകനുമായിരുന്ന പ്രൊ. ഹംസ തയ്യിലിനേയും യോഗത്തിൽ അനുസ്മരിച്ചു.
കുടുംബ ബന്ധങ്ങൾ ഊഷ്മളമായി നിലനിർത്തേണ്ടതിൻ്റെ ആവശ്യകത വ്യക്തമാക്കി ഇബ്രാഹിം തയ്യിൽ പഠന ക്ലാസ് നടത്തി.
കുടുംബത്തിലെ ഏറ്റവും മുതിർന്ന കാരണവർ സൈനുദ്ദീൻ ഹാജിയെ പൊന്നാടയണിയിച്ചും, മികച്ച പ്രവർത്തനങ്ങൾ കാഴ്ച വെക്കുന്ന സാമൂഹ്യ പ്രവർത്തകൻ ഉമർ തയ്യിലിന് മെമെൻ്റോ നൽകിയും ആദരിച്ചു.
തയ്യിൽ കമ്മാലി അധികാരി മുതൽ അഞ്ച് പരമ്പരകളിലായി എണ്ണൂറിലധികം അംഗങ്ങളുമായി മങ്കട പ്രദേശത്ത് പടർന്ന് പന്തലിച്ച് നിൽക്കുന്ന തയ്യിൽ കുടുംബത്തിൻ്റെ ചരിത്രം മുൻ സെക്രട്ടറി ഷുക്കൂർ തയ്യിൽ അവതരിപ്പിച്ചു. പഴയകാല പാട്ടുകൾ കമ്മാലി മാഷ് പുതിയ തലമുറകൾക്ക് പകർന്ന് നൽകിയത് നവ്യാനുഭവമായി.
നൂറ്റി ഇരുപത്തി നാല് കുടുംബ അംഗങ്ങളെ ഇരുപത്തി മൂന്ന് ഫ്രെയിമുകളിൽ ഉൾപ്പെടുത്തി ഫോട്ടോ സെഷനും സംഘടിപ്പിച്ചു. കുടുംബത്തിലെ കലാകാരന്മാർ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി. കുട്ടികൾക്കായി രസകരമായ മത്സരങ്ങളും സംഘടിപ്പിച്ചു. കുടുംബ സെക്രട്ടറി മുസ്തഫ കമാൽ കുഞ്ഞമ്മു ഹാജി സ്വാഗതവും ട്രഷറർ മുസ്തഫ കമാൽ അബ്ദുൽ അസീസ് മൗലവി നന്ദിയും പറഞ്ഞു.
![]()
