മദീന: പ്രവാചക നഗരിയായ മദീനയിലെ കിംഗ് ഫഹദ് ഖുർആൻ പ്രിന്റിങ് പ്രസ് സന്ദർശിക്കുന്നതിന് ഇനി മുതൽ ഓൺലൈൻ വഴി അപ്പോയിന്മെന്റ് എടുക്കണം. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച വിവരം പ്രിന്റ്റിങ് പ്രസ് അധികാരികൾ പുറത്തു വിട്ടത്. ഇത് പ്രകാരം ഇനിമുതൽ സന്ദർശകർ മുൻകൂട്ടി ഓൺലൈൻ വഴി അനുമതി വാങ്ങിയാൽ മാത്രമേ പ്രവേശനം സാധ്യമാകുകയുള്ളൂ. ദിവസവും ആയിരകണക്കിന് സന്ദർശകരാണ് പ്രസ് സന്ദർശിക്കുന്നത്. രാവിലെ മുതൽ ഇവിടെ സന്ദർശകരുടെ പ്രവാഹമാണ്. ഖുർആൻ നിർമാണത്തിലെ ആദ്യ ഘട്ടം മുതൽ പൂർത്തീകരണം വരെ സന്ദർശകർക്ക് നേരിട്ട് കാണാനുള്ള അവസരം ഇവിടെ ലഭ്യമാണ്. കൂടാതെ സന്ദർശകർക്ക് സൗജന്യമായി ഇവിടെ നിന്നും ഖുർആൻ ലഭിക്കുകയും ചെയ്യുന്നുന്നുണ്ട്. മദീന സന്ദർശിക്കുന്ന തീർത്ഥാടകരും ഹാജിമാരും കിംഗ് ഫഹദ് ഖുർആൻ പ്രിന്റ്റിങ് പ്രസ് സന്ദർശിക്കാത്ത മടങ്ങാറില്ല. ഇനി മുതൽ പ്രവേശനത്തിന് qurancomplex.gov.sa എന്ന സൈറ്റിൽ മുൻകൂട്ടി രെജിസ്റ്റർ ചെയ്യണമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
![]()
