റിയാദ്: കുതിച്ചുയരുന്ന പുത്തൻ സാങ്കേതികവിദ്യയുടെ നേർക്കാഴ്ചകളൊരുക്കി അലിഫ് ഇൻ്റർനാഷണൽ സ്കൂൾ സംഘടിപ്പിച്ച ഐടി ഡിജിറ്റൽ ഫസ്റ്റ്- ബൈറ്റ്ബാഷ്. വിശാലമായ എ ഐ സാധ്യതകൾ ഉപയോഗപ്പെടുത്തി കോഡിങ്ങും നിരവധി സാങ്കേതികവിദ്യകളും നൽകി വിദ്യാഭ്യാസരംഗത്ത് ശ്രദ്ധേയമായ, യു കെ ആസ്ഥാനമായി പ്രവർത്തിക്കുന്ന സൈബർ സ്ക്വയറുമായി സഹകരിച്ചാണ് അലിഫ് സ്കൂൾ ഡിജിറ്റൽ ഫെസ്റ്റ് നടത്തിയത്. വിദ്യാർത്ഥി പ്രതിഭകളുടെ ക്രിയാത്മകതയും സാങ്കേതികരംഗത്തെ നൂതനമായ ആശയങ്ങൾ അവതരിപ്പിക്കുന്നതിലെ ഉത്സാഹവും നിറഞ്ഞുനിന്ന ബൈറ്റ്ബാഷ് നിരവധിയാളുകളുടെ പ്രശംസയാണ് പിടിച്ചുപറ്റിയത്. ഐ ടി ഡിപ്പാർട്ട്മെൻ്റിൻ്റെ നേതൃത്വത്തിൽ നടന്ന ഫെസ്റ്റിൽ ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ച് ഗ്രൂപ്പ് റീജിയണൽ ടെക്നിക്കൽ മാനേജർ (മിഡിൽ ഈസ്റ്റ് & ആഫ്രിക്ക) നവാസ് റഷീദ് മുഖ്യാതിഥിയായി. ത്വരിതഗതിയിലുള്ള വളർച്ചയ്ക്ക് സാങ്കേതിക രംഗത്തെ മുന്നേറ്റം സഹായിക്കുമെന്നും വളർന്നുവരുന്ന വിദ്യാർത്ഥി പ്രതിഭകൾ ഏറെ പ്രതീക്ഷ നൽകുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
റോബോട്ടിക്സ്, ഗെയിംസ്, ഡോക്യുമെൻ്ററി, വെബ് ഡിസൈനിങ്, എ ഐ തുടങ്ങിയ എല്ലാ ടൂളുകളും ഉപയോഗപ്പെടുത്തിയ ശ്രദ്ധേയമായ 50 പ്രോജക്റ്റുകളാണ് പ്രദർശനത്തിന് ഉണ്ടായിരുന്നത്. ഫെസ്റ്റിന് ജുമൈല ബഷീർ നേതൃത്വം നൽകി. സംഗമത്തിൽ അലിഫ് ഗ്രൂപ്പ് ഓഫ് സ്കൂൾസ് ഡയറക്ടർ ലുഖ്മാൻ പാഴൂർ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ അബ്ദുൽ മജീദ്, അലിഫ് ഗ്ലോബൽ സ്കൂൾ ഡയറക്ടർ മുഹമ്മദ് അഹമ്മദ്, മാനേജർമാരായ മുഹമ്മദ് അൽ ഖഹ്താനി, മുനീറ അൽ സഹ്ലി, അഡ്മിനിസ്ട്രേറ്റർ അലി ബുഖാരി എന്നിവർ പങ്കെടുത്തു. ഹെഡ്മിസ്ട്രസ് ഹമീദാബാനു സ്വാഗതവും ഹെഡ്മാസ്റ്റർ നൗഷാദ് നാലകത്ത് നന്ദിയും പറഞ്ഞു
![]()
