ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ വായു മലിനീകരണം മാറ്റമില്ലാതെ തുടരുന്നു. ഡല്‍ഹിയിലെ മിക്കയിടങ്ങളിലും വ്യാഴാഴ്ച രാവിലെ വായുഗുണനിലവാര സൂചിക ഗുരുതര നിലയായ 400-ന് മുകളിലാണ്. ദീപാവലി ദിനത്തില്‍ വായുനിലവാരം മെച്ചപ്പെട്ടിരുന്നെങ്കിലും അന്ന് നിയന്ത്രണങ്ങള്‍ ലംഘിച്ച് ആളുകള്‍ വ്യാപകമായി പടക്കം പൊട്ടിച്ചതിന് പിന്നാലെയാണ് വായുനിലവാരം വീണ്ടും മോശമായത്. അടുത്ത നാല് ദിവസം ഡല്‍ഹിയില്‍ കനത്ത പുകമഞ്ഞ് അനുഭവപ്പെടാമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്.
ബവാന 442, ജഹാന്‍ഗിര്‍പുരി 441, ദ്വാരക 416, അലിപുര്‍ 415, ആനന്ദ് വിഹാര്‍ 412, ഐടിഒ 412, ഡല്‍ഹി എയര്‍പോര്‍ട്ട് 401 എന്നിങ്ങനെയാണ് വ്യാഴാഴ്ച രാവിലത്തെ വായുഗുണനിലവാര സൂചിക. ഡല്‍ഹിയിലെ പലയിടങ്ങളിലും ബുധനാഴ്ചയും ഇത് 400-ന് മുകളിലായിരുന്നു. ദീപാവലി ആഘോഷത്തിന് പിന്നാലെ തിങ്കളാഴ്ച വായുഗുണനിലവാര സൂചിക അതീവ ഗുരുതരനിലയായ 450 കടന്ന് 500-ന് മുകളില്‍ എത്തിയിരുന്നു.
വായുഗുണനിലവാര സൂചിക പൂജ്യത്തിനും 50-നും ഇടയിലുള്ള സാഹചര്യമാണ് മികച്ചതായി കണക്കാക്കുന്നത്. 51 മുതല്‍ 100 വരെയുള്ളവ തൃപ്തികരമാണ്. 101 മുതല്‍ 200 വരെയുള്ള കണക്ക് മിതമായ മലിനീകരണമായാണ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് കണക്കാക്കുന്നത്. 201-നും 300-നുമിടയിലുള്ള മലിനീകരണത്തോത് മോശം അവസ്ഥയെയും 301-നും 401-നുമിടയിലുള്ള തോത് വളരെ മോശം അവസ്ഥയേയും സൂചിപ്പിക്കുന്നു. സംഖ്യ 400-നു മുകളില്‍ കടക്കുന്നതോടെ ഗുരുതരനിലയിലും 450 കടക്കുന്നതോടെ മലിനീകരണത്തോത് അതീവ ഗുരുതരനിലയിലും എത്തിയതാണ് കണക്കാക്കുക.
മലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ ഡല്‍ഹിയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും സാധ്യതയുണ്ട്. സിഎന്‍ജി, ഇലക്ട്രിക്, ബിഎസ്-6 ഡീസല്‍ എന്ജിന് എന്നിവയിലല്ലാതെ ഓടുന്ന ബസുകള്‍ക്ക് ഡല്‍ഹിയിലേക്ക് പ്രവേശനം തടയുമെന്നാണ് റിപ്പോര്‍ട്ട്.
ജിആര്‍എപി സ്റ്റേജ് 4 പ്രകാരമുള്ള നിയന്ത്രണങ്ങള്‍ നിലവില്‍ സംസ്ഥാനത്തുണ്ട്. എന്നാല്‍, ഇതില്‍ ട്രക്കുകള്‍ക്ക് മാത്രമാണ് ഡല്‍ഹിയിലേക്ക് പ്രവേശന നിരോധനമുള്ളത്. നിയന്ത്രണം സംബന്ധിച്ച കാര്യങ്ങള്‍ ഉള്‍പ്പെടെ ചര്‍ച്ചചെയ്യാന്‍ വ്യാഴാഴ്ച ഡല്‍ഹി പരിസ്ഥിതി മന്ത്രി ഗോപാല്‍ റായുടെ അധ്യക്ഷതയില്‍ സെക്രട്ടറിയേറ്റില്‍ യോഗം ചേരുന്നുണ്ട്.
![]()
