മക്ക:ജിദ്ദ റീജണൽ കമ്മിറ്റിക്ക് കീഴിൽ വരുന്ന വിശുദ്ധ മക്കയിലെ ഒ.ഐ.സി.സി ഏരിയ കമ്മറ്റി തെരഞ്ഞെടുപ്പ് യോഗം അസീസിയയിലെ പാനൂർ ഹോട്ടൽ മിനി ആഡിറ്റോറിയത്തിൽ നടന്നു. വരണാധികാരികളായി റീജണൽ കമ്മിറ്റി നിശ്ചയിച്ച മുജീബ് മൂത്തേടം,ഹക്കീം പാറക്കൽ,ഷെരീഫ് അറക്കൽ എന്നിവർ തെരഞ്ഞെടുപ്പ് പ്രക്രിയകൾക്ക് നേതൃത്വം നൽകി.
മക്ക ഒ.ഐ.സി.സിയുടെ മുൻ ട്രഷറർ റഷീദ് ബിൻ സാഗർ അവതരിപ്പിച്ച പാനൽ ഭൂരിപക്ഷം തെളിയിച്ചതിനാൽ ജനറൽബോഡി യോഗം അംഗീകരിച്ചു.
ഭാരവാഹികളായി നൗഷാദ് പെരുന്തല്ലൂർ (പ്രസിഡന്റ്),സലീം കണ്ണനാകുഴി (സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി),മുജീബ് കിഴിശ്ശേരി(ട്രഷറർ),മനാഫ് ചടയമംഗലം(വൈസ് പ്രസിഡന്റ്), നൗഷാദ് എടക്കര,മുബഷിർ അരീക്കോട് (സെക്രട്ടറിമാർ),നിയാസ് വയനാട് (ജോയിന്റ് ട്രഷറർ),റീജണൽ കമ്മറ്റി പ്രതിനിധികളായി റഷീദ് ബിൻ സാഗർ,നൈസാം തോപ്പിൽ,മുനീർ, ഇബ്രാഹിം വെള്ളഞ്ചോല എന്നിവരെയും ജനറൽബോഡി യോഗം തെരഞ്ഞെടുത്തു.
ഗ്ലോബൽ കമ്മറ്റിയുടെ സർക്കുലർ അനുസരിച്ച് സമവായത്തിലൂടെയോ വോട്ടെടുപ്പിലൂടെയോ ആണ് ഭാരവാഹികളെ തിരഞ്ഞെടുക്കേണ്ടത്.ഏരിയാ കമ്മറ്റികൾ പുനസംഘടിപ്പിച്ച് നവംബർ മധ്യത്തോടുകൂടിയാണ് റീജണൽ കമ്മിറ്റികളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുക.
ഒൻപത് വർഷത്തിനുശേഷം ആണ് ഒ.ഐ.സി.സിയിൽ വീണ്ടും തെരഞ്ഞെടുപ്പിന് കളം ഒരുങ്ങിയത്. എല്ലാ പ്രവർത്തകരെയും ഉൾക്കൊണ്ടുകൊണ്ട് കെട്ടുറപ്പോടു കൂടി മുൻകാലങ്ങളിൽ ഉള്ളതിനേക്കാൾ മികച്ച രീതിയിൽ മക്കയിലെ കമ്മിറ്റി പ്രവർത്തിക്കുമെന്നും ഹജ്ജിന്റെ പ്രവർത്തന മികവുകൊണ്ടും അംഗങ്ങളുടെ അർപ്പണ മനോഭാവം കൊണ്ടും ഏറെ മുൻപന്തിയിൽ നിൽക്കുന്ന കമ്മറ്റിയാണ് മക്കയിലേത് എന്നും ഭാരവാഹികൾ അറിയിച്ചു.
![]()
