തിുവനന്തപുരം: 2023-ലെ കേരള പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു.കേരള ജ്യോതി പുരസ്ക്കാരം പ്രശസ്ത കഥാകൃത്ത് ടി പത്മനാഭന്.സാഹിത്യ മേഖലയിലെ സമഗ്ര സംഭാവന പരിഗണിച്ചാണ് ടി. പത്മനാഭന് കേരള ജ്യോതി പുരസ്ക്കാരം നൽകുന്നത്. വിവിധ മേഖലകളിൽ സമൂഹത്തിനു സമഗ്ര സംഭാവനകൾ നൽകിയ വിശിഷ്ട വ്യക്തിത്വങ്ങൾക്കാണ് സംസ്ഥാന സർക്കാർ കേരള പുരസ്കാരങ്ങൾ നൽകുന്നത്.
സാമൂഹ്യ സേവന, സിവിൽ സർവീസ് മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് ജസ്റ്റിസ്(റിട്ട.) എം. ഫാത്തിമ ബീവി,കലാ മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് നടരാജ കൃഷ്ണമൂർത്തി(സൂര്യ കൃഷ്ണമൂർത്തി) എന്നിവർ കേരള പ്രഭ പുരസ്കാരത്തിന് അർഹരായി.
സാമൂഹ്യ സേവന മേഖലയിലെ സമഗ്ര സംഭാവനയ്ക്കു പുനലൂർ സോമരാജൻ,ആരോഗ്യ മേഖലയിലെ സമഗ്ര സംഭാവനയ്ക്കു ഡോ. വി.പി. ഗംഗാധരൻ, വ്യവസായ-വാണിജ്യ മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് രവി ഡി സി,സിവിൽ സർവീസ് മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് കെ.എം. ചന്ദ്രശേഖർ,കല(സംഗീതം) മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് പണ്ഡിറ്റ് രമേശ് നാരായൺ എന്നിവർ കേരള ശ്രീ പുരസ്കാരത്തിന് അർഹരായി.
അടൂർ ഗോപാലകൃഷ്ണൻ, കെ. ജയകുമാർ (ഐ.എ.എസ് റിട്ട.), ഡോ. ജോർജ് ഓണക്കൂർ എന്നിവരടങ്ങിയ അവാർഡ് സമിതി ദ്വിതീയ പരിശോധന സമിതി സർപ്പിച്ച പട്ടിക പരിശോധിച്ചും, സെർച്ച് കമ്മിറ്റി എന്ന നിലയിൽ സമിതിയിൽ നിക്ഷിപ്തമായ അധികാരം വിനിയോഗിച്ചും 2023ലെ കേരള പുരസ്കാരങ്ങൾക്കായി നാമനിർദേശം ചെയ്തതു സർക്കാർ അംഗീകരിച്ചാണു പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.
![]()
