റിയാദ്: മാനവിക മൂല്യങ്ങൾക്ക് തെല്ലും വിലകല്പിക്കാതെ ഫലസ്തീൻ ജനതക്ക് മേൽ അധിനിവേശം തുടരുന്ന ഇസ്രയേലിനെതിരെ ഫലസ്തീൻ ജനതയോടൊപ്പം നിൽക്കാനെ നീതിബോധമുള്ളവർക്ക് സാധിക്കുകയുള്ളൂവെന്ന് പ്രമുഖ എഴുത്തുകാരൻ സുഫ്യാൻ അബ്ദുസ്സലാം അഭിപ്രായപ്പെട്ടു.
റിയാദ് ക്രിയേറ്റീവ് ഫോറം സംഘടിപ്പിച്ച ഫലസ്തീൻ ഐക്യദാർഢ്യ സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സാധാരണക്കാർക്കും കുട്ടികൾക്കും സ്ത്രീകൾക്കും മേൽ കൊടും ക്രൂരതകൾ അടിച്ചേൽപ്പിച്ചുകൊണ്ട്പതിറ്റാണ്ടുകളായി ഇസ്രായേൽ തുടരുന്ന ക്രൂരത അതിന്റെ ഏറ്റവും ഭീകരമായ നിലയിലേക്ക് മാറിയതിന്റെ നോവുന്ന കാഴ്ചകളാണ് ഗസ്സയിൽ കണ്ടുകൊണ്ടിരിക്കുന്നത് എന്നും ദുരിതപർവ്വം പേറിക്കൊണ്ടിരിക്കുന്ന ഫലസ്തീൻ ജനതക്ക് നീതി എക്കാലവും അന്യമായിരുന്നു എന്ന യാഥാർഥ്യം തിരിച്ചറിഞ്ഞ് സ്വതന്ത്ര ഫലസ്തീൻ എന്ന ശാശ്വത പരിഹാരത്തിലേക്ക് എത്തിച്ചേരുവാൻ ലോകരാഷ്ട്രങ്ങൾ തയ്യാറാവണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ബത്ഹ അസൽ ഹിന്ദ് ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ ആർ.ഐ.സി.സി കൺവീനർ എഞ്ചിനിയർ ഉമർ ശരീഫ് മോഡറേറ്ററായിരുന്നു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് റഹ്മത്ത് ഇലാഹി നദ് വി (തനിമ), സഹൽ ഹാദി (ഇന്ത്യൻ ഇസ്ലാഹി സെന്റർ), ഷാഫി തുവ്വൂർ ( സമസ്ത ഇസ്ലാമിക് സെൻ്റർ), ഉമർ ഫാറൂഖ് മദനി (സുൽത്താന കാലൻഡ് ഗൈഡൻസ് സെന്റർ), അബ്ദുല്ല അൽ ഹികമി (ആർ.ഐ.സി.സി) അബ്ദുറഊഫ് സ്വലാഹി (ചെയർമാൻ , ക്രീയേറ്റീവ് ഫോറം) തുടങ്ങിയവർ സംസാരിച്ചു. ആർ.ഐ.സി.സി ജനറൽ കൺവീനർ ജഅഫർ പൊന്നാനി ആമുഖ ഭാഷണം നിർവ്വഹിച്ചു. ആർ.ഐ.സി.സി ചെയർമാൻ ഉമർ ഫാറൂഖ് വേങ്ങര, കൺവീനർ മൊയ്തു അരൂർ, ആഷിക് മണ്ണാർക്കാട് തുടങ്ങിയവർ പ്രസീഡിയം നിയന്ത്രിച്ചു.
ക്രിയേറ്റീവ് ഫോറം കൺവീനർ ഷൈജൽ വയനാട് നന്ദിയും പറഞ്ഞു.
അഫീഫ് തിരൂരങ്ങാടി, അക്ബർ അലി, ബഷീർ മഞ്ചേരി, അനീസ് എടവണ്ണ, റിയാസ് ചൂരിയോട്, ശബാബ് കാളികാവ്, അബ്ദുസ്സലാം കൊളപ്പുറം തുടങ്ങിയവർ നേതൃത്വം നൽകി
![]()
