മുംബൈ : ഐസിസി ഏകദിന ലോകകപ്പിൽ ബംഗ്ളാദേശിനെതിരെ വമ്പൻ വിജയവുമായി സൗത്താഫ്രിക്ക. മുംബൈയിൽ നടന്ന മത്സരത്തിൽ 149 റൺസിനായിരുന്നു സൗത്താഫ്രിക്കയുടെ വിജയം.
മത്സരത്തിൽ സൗത്താഫ്രിക്ക ഉയർത്തിയ 383 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശിന് 46.4 ഓവറിൽ 233 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. ഒറ്റയാൾ പോരാട്ടത്തിലൂടെ സെഞ്ചുറി നേടിയ മഹ്മദുള്ളയാണ് വൻ തകർച്ചയിൽ നിന്നും ബംഗ്ലാദേശിനെ കരകയറ്റിയത്. 111 പന്തിൽ 111 റൺസ് നേടിയാണ് സീനിയർ താരം പുറത്തായത്.
ഈ ലോകകപ്പിലെ സൗത്താഫ്രിക്കയുടെ നാലാം വിജയമാണിത്. മറുഭാഗത്ത് ആദ്യ മത്സരത്തിൽ അഫ്ഗാനെ പരാജയപെടുത്തിയ ശേഷമുള്ള ബംഗ്ളാദേശിൻ്റെ തുടർച്ചയായ നാലാം തോൽവിയാണിത്..
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സൗത്താഫ്രിക്ക 140 പന്തിൽ 15 ഫോറും 7 സിക്സും ഉൾപ്പടെ 174 റൺസ് നേടിയ ക്വിൻ്റൻ ഡീകോക്ക്, 49 പന്തിൽ 2 ഫോറും 8 സിക്സും ഉൾപ്പടെ 90 റൺസ് നേടിയ ഹെൻറിച്ച് ക്ലാസൻ, 15 പന്തിൽ ഒരു ഫോറും 4 സിക്സും ഉൾപ്പടെ 34 റൺസ് നേടിയ ഡേവിഡ് മില്ലർ, 69 പന്തിൽ 60 റൺസ് നേടിയ ഐയ്ഡൻ മാർക്രം എന്നിവരുടെ മികവിലാണ് നിശ്ചിത 50 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 382 എന്ന കൂറ്റൻ സ്കോർ സമ്മാനിച്ചത്.
മത്സരത്തിലെ പ്രകടനത്തോടെ 48 വർഷം നീണ്ട ഏകദിന ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ നേടുന്ന വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായി ഡീകോക്ക് മാറി. 2007 ഏകദിന ലോകകപ്പ് ഫൈനലിൽ ശ്രീലങ്കയ്ക്കെതിരെ 104 പന്തിൽ 13 ഫോറും 8 സിക്സും ഉൾപ്പടെ 149 റൺസ് നേടിയ ആദം ഗിൽക്രിസ്റ്റിൻ്റെ റെക്കോർഡാണ് ഡീകോക്ക് തകർത്തത്.
ഈ പ്രകടനത്തോടെ ലോകകപ്പിലെ ടോപ് റൺസ്കോററായും ഡീകോക്ക് മാറി. 5 മത്സരങ്ങളിൽ നിന്നും 407 റൺസ് ഡീകോക്ക് നേടിയിട്ടുണ്ട്. 5 മത്സരങ്ങളിൽ നിന്നും 354 റൺസ് നേടിയ വിരാട് കോഹ്ലിയാണ് രണ്ടാം സ്ഥാനത്തുള്ളത്. 311 റൺസ് നേടിയ രോഹിത് ശർമ്മയാണ് മൂന്നാം സ്ഥാനത്ത്
ഈ ലോകകപ്പിൽ തന്നെ ഇത് മൂന്നാം തവണയാണ് 350+ സ്കോർ സൗത്താഫ്രിക്ക നേടുന്നത്. ഈ ലോകകപ്പിലെ ആദ്യ മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരെ ഡൽഹിയിൽ 428 റൺസ് നേടിയ അവർ കഴിഞ്ഞ മത്സരത്തിൽ മുംബൈയിൽ ഇംഗ്ലണ്ടിനെതിരെ നിശ്ചിത 50 ഓവറിൽ 399 റൺസ് അടിച്ചുകൂട്ടിയിരുന്നു.
ലോകകപ്പ് ചരിത്രത്തിൽ ഇതിനോടകം എട്ട് തവണ 350+ സ്കോർ സൗത്താഫ്രിക്ക നേടിയിട്ടുണ്ട്. ഇതോടെ ഓസ്ട്രേലിയയെ പിന്നിലാക്കി ലോകകപ്പിൽ ഏറ്റവും കൂടുതൽ തവണ 350+ റൺസ് നേടുന്ന ടീമായി സൗത്താഫ്രിക്ക മാറി. 7 തവണയാണ് ഓസ്ട്രേലിയ 350+ റൺസ് നേടിയിട്ടുള്ളത്. നാല് തവണ 350+ റൺസ് നേടിയ ഇന്ത്യയാണ് ഈ റെക്കോർഡിൽ മൂന്നാം സ്ഥാനത്തുള്ളത്.
നാളത്തെ മത്സരത്തിൽ ഓസ്ട്രേലിയ നെതർലൻഡ്സിനെ നേരിടും. ഇനി ഒക്ടോബർ ഏഴിന് പാകിസ്ഥാനെതിരെയാണ് സൗത്താഫ്രിക്കയുടെ അടുത്ത മത്സരം. നെതർലൻഡ്സാണ് ബംഗ്ളാദേശിൻ്റെ അടുത്ത എതിരാളികൾ.
![]()
