റിയാദ് : രണ്ടാമത് റിയാദ് ഈന്തപ്പഴ മേളയിലേക്ക് ജനങ്ങളുടെ ഒഴുക്ക് തുടരുന്നു. കഴിഞ്ഞ ദിവസമാണ് ഈന്തപ്പഴമേളക്ക് റിയാദിലെ അതീഖയിൽ തിരി തെളിഞ്ഞത്. റിയാദിലെ വാണിജ്യ കേന്ദ്രമായ ബത്ഹയിൽ നിന്ന് ഏറെ അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന മൊത്ത വ്യാപാര കേന്ദ്രമായ അതീഖയിലാണ് മേള നടക്കുന്നത്.

പ്രെത്യേകം തയ്യാറാക്കിയ വിശാലമായ തമ്പിലേക്ക് കാണികളുടെ നിലക്കാത്ത പ്രവാഹമാണ്. സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഈന്തപ്പഴങ്ങളും കർഷകരും വ്യാപാരികളും മേളയിൽ എത്തുന്നു. പ്രദർശനവും വിപണനവും മുന്നിൽ കണ്ടു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സന്ദർശകർ കഴിഞ്ഞ ദിവസം ഇവിടെ സജീവമായി എത്തിത്തുടങ്ങി.

അജ്വ, സുക്കരി, മബ്റൂമ്, സാരി, റബീഅ, അംബർ, മജ്ഹുൽ, സഫാവി, ഖലാസ് തുടങ്ങിയ മുന്തിയ ഈന്തപ്പഴങ്ങൾ മേളയിൽ സുലഭമായി ലഭ്യമാണ്. ഈന്തപ്പഴങ്ങൾക്ക് പുറമെ ഈന്തപ്പഴ ഉൽപ്പന്നങ്ങളും ഇവിടെ ലഭ്യമാണ്. ഇതിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യമായതു സന്ദർശകർ ഏറെ എത്താൻ കാരണമായതായി സംഘാടകർ പറയുന്നു. എല്ലാ ദിവസവും വൈകുന്നേരം 4 മുതൽ രാത്രി 11 വരെയാണ് പ്രവേശനം.
![]()
