റിയാദ്: ഒ ഐ സി സി റിയാദ് സെൻട്രൽ കമ്മിറ്റി ലുലു ഹൈപ്പർ മാർക്കറ്റിന്റെ സഹകരണത്തോടെ ലേബർ ക്യാമ്പുകളിൽ ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു. റിയാദിലെ ന്യൂ സനയ്യയിലെ റിയാദ് ഫർണ്ണിച്ചർ കമ്പനിയുടെ ക്യാമ്പിലാണ് പ്രവർത്തകർ നാല് ടണ്ണോളം ഭക്ഷണ സാധനങ്ങൾ വിതരണം ചെയ്തത്. ഇന്ത്യക്കാരടക്കം വിവിധ രാജ്യങ്ങളിൽ നിന്നായി നൂറ് കണക്കിന് ജോലിക്കാരാണ് ക്യാമ്പിൽ ഉള്ളത്.
നല്ല നിലയിൽ പ്രവർത്തിച്ചിരുന്ന കമ്പനി വർഷങ്ങൾക്ക് മുമ്പ് നഷ്ട്ടത്തിലേക്ക് പോകുകയും, മലയാളികളടക്കം വിവിധ രാജ്യങ്ങളിൽ നിന്നുമായി നൂറ് കണക്കിന് തൊഴിലാളികൾക്ക് ജോലി നഷ്ട്ടമാവുകയും, കമ്പനിയിൽ നിന്ന് മാസങ്ങളോളം ശമ്പളമടക്കം മുടങ്ങുകയും ചെയ്തതോടെയാണ് തൊഴിലാളികൾ കേസുമായി കോടതിയെ സമീപിക്കുന്നത്. എന്നാൽ കോടതിയിൽ നിന്നും തൊഴിലാളികൾക്ക് അനുകൂലമായ വിധി വന്നെങ്കിലും തങ്ങളുടെ നഷ്ട പരിഹാരം ലഭിക്കുന്നതിനായി നാലു വർഷമായി പ്രതീക്ഷയോടെ കാത്തിരുക്കുകയാണ്.റിയാദിലെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക ജീവ കാരുണ്യ സംഘടനകൾ ഇടക്ക് നൽകുന്ന ഇത്തരത്തിലുള്ള സഹായങ്ങളാണ് അവർക്ക് ഏറെ ആശ്വാസമാകുന്നത്.
റിയാദ് ഒഐസിസിയുടെ നേതൃത്വത്തിൽ നൽകിയ ഭക്ഷണ കിറ്റുകളുടെ വിതരണ ഉദ്ഘാടനം ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ നിർവ്വഹിച്ചു. സെൻട്രൽ കമ്മിറ്റി വർക്കിംഗ് പ്രസിഡന്റ് നവാസ് വെള്ളിമാട് കുന്ന്, വൈസ് പ്രസിഡന്റുമാരായ രഘുനാഥ് പറശ്ശിനിക്കടവ്,സജീർ പൂന്തുറ, ഭാരവാഹികളായ ജോൺസൺ മാർക്കോസ്, വിനീഷ് ഒതായി, മൊയ്തീൻ പാലക്കാട്, ഷറഫു ചിറ്റൻ, റിയാസ് വണ്ടൂർ, നാസർ വലപ്പാട്, രാജു പാലക്കാട്, ഷബീർ വരിക്കപള്ളി, ബിനോയ് കൊല്ലം, സൈനുദ്ധീൻ പാലക്കാട്, ക്യാമ്പിന്റെ ചുമതലയുള്ള അനിൽ തലശ്ശേരി തുടങ്ങിയവർ നേതൃത്വം നൽകി.സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി ഫൈസൽ ബാഹസ്സൻ സ്വാഗതവും, സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് അമീർ പട്ടണത്ത് നന്ദിയും പറഞ്ഞു.
![]()
