അൽ അഹ്സ: കഴിഞ്ഞ ദിവസം ഉണ്ടായ തീപിടിത്തത്തിൽ മരണപ്പെട്ടവരിൽ തിരുവനന്തപുരം സ്വദേശിയും. നെടുമങ്ങാട് അഴിക്കോട് താമസിക്കുന്ന പൂന്തുറ സ്വദേശി നിസാം എന്ന അജ്മൽ ഷാജഹാനാണ് മരണപ്പെട്ടത്. അപകടത്തിൽ നിസാമുൾപ്പെടെ അഞ്ച് ഇന്ത്യക്കാരും മൂന്ന് ബംഗ്ലാദേശി സ്വദേശികളും മരണപ്പെട്ടിരുന്നു. രണ്ട് പേരുടെ മൃതദേഹം ഇനിയും തിരിച്ചറിയാനുണ്ട്. രണ്ട് പേരുടെ മൃതദേഹം പൂർണ്ണമായും കത്തികരിഞ്ഞ നിലയിലായതിനാൽ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.
കഴിഞ്ഞ ദിവസമാണ് അൽ അഹ്സയെ ഞടുക്കിയ അപകടം ഉണ്ടായത്. അപ് ഹോൾസ്റ്ററി ജോലികൾ ചെയ്യുന്ന ഗോഡൗണിന് തീപിടിക്കുകയായിരുന്നു. ഷോർട്ട് സർക്യൂട്ട് ആണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. മരണപ്പെട്ടവർ ഇതേ ഗോഡൗണിന്റെ മുകളിലെ നിലയിൽ വിശ്രമിക്കുകയായിരുന്നു. മൊത്തം 14 പേർ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ മൂന്ന് പേർ വെള്ളിയാഴ്ച ആയതിനാൽ മറ്റ് സുഹൃത്തുക്കളുടെ റൂമുകളിലേക്ക് പോയിരിക്കുകയായിരുന്നു. മറ്റൊരാൾ പ്രാർത്ഥനക്കായി 3.30 ഓടെ പള്ളിയിലേക്ക് പോയി. ഈ സമയത്താണ് തീപിടിത്തമുണ്ടായത്. അൽ അഹ്സയിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ ദിവസം ശക്തമായ ചൂടും കാറ്റും നിലനിന്നിരുന്നു. ഇത് തീ വേഗത്തിൽ പടർന്ന് പിടിക്കാനും അപകടം വർദ്ധിക്കാനും കാരണമായി.
![]()
