പാലക്കാട് : സംവിധായകൻ ഷാജി കൈലാസിന്റെ മകൻ ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ആദ്യ സിനിമയുടെ ചിത്രീകരണം തുടങ്ങി. പാലക്കാട് പോത്തുണ്ടി ഡാമിന് അരികെയുള്ള ഇറിഗേഷൻ ഗെസ്റ്റ് ഹൗസിലായിരുന്നു
ആദ്യ ദിവസത്തെ ചിത്രീകരണം. തികച്ചും ലളിതമായ ചടങ്ങിൽ രൺജി പണിക്കർ സ്വിച്ചോൺ കർമം നിർവഹിച്ചു. നായകനായ സിജു വിൽസൺ ഫസ്റ്റ് ക്ലാപ്പും നൽകി. ഇവിടെ ഒരുക്കിയ പൊലീസ് സ്റ്റേഷന്റെ സെറ്റിലായിരുന്നു ചിത്രീകരണം.
സിജു വിൽസൻ, രൺജി പണിക്കർ, ശ്രീജിത്ത് രവി, ഗൗരി നന്ദ എന്നിവരടങ്ങിയ ഒരു രംഗമായിരുന്നു ഇവിടെ ചിത്രീകരിച്ചത്. എംപിഎം പ്രൊഡക്ഷൻസ് ആൻഡ് സെന്റ് മരിയ ഫിലിംസിന്റെ ബാനറിൽ ജോമി ജോസഫ് പുളിങ്കുന്ന് ഈ ചിത്രം നിർമിക്കുന്നു. വനാതിർത്തിയിലുള്ള ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ ക്രൈം ത്രില്ലറായാണ് സിനിമ ഒരുങ്ങുന്നത്. പാലക്കാടും പരിസരങ്ങളിലുമായി ഒറ്റ ഷെഡ്യൂളിൽ ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാകും.
![]()
