ദുബായ് :ലോകത്തിലെ ഏറ്റവും വലിയ സൗജന്യ ഓട്ട മത്സരമായ ദുബായ് റണ്ണിൻ്റെ രജിസ്ട്രേഷൻ ആരംഭിച്ചു. ദുബായിലെ സാമ്പത്തിക, ടൂറിസം വകുപ്പും ദുബായ് സ്പോർട്സ് കൗൺസിലുമാണ് ഇക്കാര്യം അറിയിച്ചത്. ദുബായ് ഫിറ്റ്നസ് ചലഞ്ചിൻ്റെ ഭാഗമായാണ് ദുബായ് റൺ സംഘടിപ്പിക്കുന്നത്. നവംബർ 26 ഞായറാഴ്ച ശൈഖ് സായിദ് റോഡിലും ഡൗൺടൗൺ ദുബായിലും ഓട്ടത്തിനായി രണ്ട് ലക്ഷത്തിലധികം ആളുകൾ അണിനിരക്കുമെന്നാണ് പ്രതീക്ഷ.
എല്ലാ മേഖലകളിൽ നിന്നുമുള്ള ഓട്ടക്കാർക്കും ഫിറ്റ്നസ് പ്രേമികൾക്കും പ്രായമോ കഴിവിൻ്റെ നിലവാരമോ പരിഗണിക്കാതെ ദുബായ് റണ്ണിൻ്റെ ഭാഗമാകാം. ആരോഗ്യം, ഫിറ്റ്നസ്, കമ്മ്യൂണിറ്റി ഒത്തുചേരൽ എന്നിവയുടെ ഭാഗമായാണ് പരിപാടി. കഴിഞ്ഞ വർഷം ദുബായ് റണ്ണിൽ 193,000 റണ്ണേഴ്സ്, ജോഗർമാർ, വാക്കർമാർ എന്നിവർ പങ്കെടുത്തിരുന്നു.
പങ്കെടുക്കുന്നവർക്ക് രണ്ട് വ്യത്യസ്ത റൂട്ടുകൾ തിരഞ്ഞെടുക്കാൻ അവസരമുണ്ട്. രണ്ടും ശൈഖ് സായിദ് റോഡിൽ നിന്നാണ് ആരംഭിക്കുന്നത്. അഞ്ച് കിലോമീറ്റർ പാത മ്യൂസിയം ഓഫ് ദി ഫ്യൂച്ചറിന് സമീപം ആരംഭിക്കും. കൂടുതൽ പരിചയസമ്പന്നരായ ഓട്ടക്കാർക്ക് ഷെയ്ഖ് സായിദ് റോഡിൽ നിന്ന് ദുബായ് കനാൽ വരെ നീളുന്ന 10-കിലോമീറ്റർ ശൈഖ് സായിദ് റോഡ് റൂട്ടും തെരഞ്ഞെടുക്കാം.
![]()
