റിയാദ്: റിയാദ് സോക്കർ അക്കാദമി (ആർഎസ്എ) സംഘടിപ്പിച്ച അണ്ടർ-14 ഫുട്ബോൾ ടൂർണമെന്റിൽ ചാമ്പ്യൻസ് കിരീടം നേടിയ അലിഫ് ഫുട്ബോൾ ടീമിന് ഉജ്ജ്വലമായ സ്വീകരണം. ഫൈനലിൽ യൂത്ത് സോക്കർ അക്കാദമിയെ (വൈഎസ്എ) ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് അലിഫ് ടീം വിജയം നേടിയത്. അലിഫ് ഫുട്ബോൾ താരം മുഹമ്മദ് ഹാസിലിനെ ടൂർണമെന്റിലെ എമർജിംഗ് പ്ലയറായി തിരഞ്ഞെടുത്തു. ഈ അധ്യയനവർഷം മൂന്നാം തവണയാണ് അലിഫ് ഇൻ്റർനാഷണൽ സ്കൂൾ വിവിധ ടൂർണമെൻ്റുകളിലായി ചാമ്പ്യന്മാരാകുന്നത്. സോണിലെ സിബിഎസ്ഇ സ്കൂളുകൾക്കായി നടന്ന അണ്ടർ-14 ഫുട്ബോൾ ടൂർണമെന്റിലും അലിഫ് കിരീടമുയർത്തിയിരുന്നു.
വിജയികളെയും ടീം പരിശീലകൻ ഷംസാദിനെയും പ്രിൻസിപ്പൽ അബ്ദുൽ മജീദ് നാലകത്ത് അഭിനന്ദിച്ചു. അലിഫ് ഓഡിറ്റോറിയത്തിൽ നടന്ന അനുമോദന സംഗമത്തിൽ അലിഫ് ഗ്രൂപ്പ് ഓഫ് സ്കൂൾസ് എക്സിക്യൂട്ടീവ് ഡയറക്ടർ ലുഖ്മാൻ പാഴൂർ, ഹെഡ്മിസ്ട്രസ് ഹമീദാബാനു, അഡ്മിനിസ്ട്രേറ്റർ അലി ബുഖാരി, ഹെഡ്മാസ്റ്റർ നൗഷാദ് നാലകത്ത് എന്നിവർ പങ്കെടുത്തു.
![]()
