ധർമ്മശാല : ഐസിസി ഏകദിന ലോകകപ്പ് 2023 ലെ തങ്ങളുടെ ആദ്യ വിജയം നേടി നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട്. ബംഗ്ലാദേശിനെതിരായ മത്സരത്തിൽ 137 റൺസിൻ്റെ വിജയമാണ് ഇംഗ്ലണ്ട് കുറിച്ചത്.
മത്സരത്തിൽ ഇംഗ്ലണ്ട് ഉയർത്തിയ 365 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശിന് 48.2 ഓവറിൽ 227 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. 66 പന്തിൽ 76 റൺസ് നേടിയ ലിറ്റൺ ദാസും 51 റൺസ് നേടിയ മുഷ്ഫിഖുർ റഹിമും മാത്രമാണ് ബംഗ്ലാദേശ് നിരയിൽ തിളങ്ങിയത്.
ഇംഗ്ലണ്ടിനായി റീസ് ടോപ്ലെ നാല് വിക്കറ്റും ക്രിസ് വോക്സ് രണ്ട് വിക്കറ്റും നേടി.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 107 പന്തിൽ 16 ഫോറും അഞ്ച് സിക്സും ഉൾപ്പടെ 140 റൺസ് നേടിയ ഡേവിഡ് മലാൻ, 68 പന്തിൽ 82 റൺസ് നേടിയ ജോ റൂട്ട്, 59 പന്തിൽ 52 റൺസ് നേടിയ ജോണി ബെയർസ്റ്റോ എന്നിവരുടെ മികവിലാണ് വമ്പൻ സ്കോർ നേടിയത്.
ബംഗ്ളാദേശിന് വേണ്ടി മെഹദി ഹസൻ നാല് വിക്കറ്റും, ഷോറിഫുൾ ഇസ്ലാം മൂന്ന് വിക്കറ്റും നേടി. നേരത്തെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ട് ന്യൂസിലൻഡിനോട് പരാജയപെട്ടിരുന്നു.
നാളത്തെ മത്സരത്തിൽ ഇന്ത്യ അഫ്ഗാനിസ്ഥാനെ നേരിടും. ഒക്ടോബർ 15 ന് അഫ്ഗാനിസ്ഥാനെതിരെയാണ് ഇനി ഇംഗ്ലണ്ടിൻ്റെ അടുത്ത മത്സരം. ഒക്ടോബർ 13 ന് ന്യൂസിലൻഡിനെതിരെയാണ് ബംഗ്ളാദേശിൻ്റെ അടുത്ത മത്സരം.
![]()
