ഗ്രൂപ്പ് ബിയിലെ രണ്ടാം റൗണ്ട് മല്‍സരത്തില്‍ 89 റണ്‍സിന്റെ വമ്പന്‍ ജയമാണ് ബംഗ്ലാ കടുവകള്‍ ആഘോഷിച്ചത്. ഇതോടെ സൂപ്പര്‍ ഫോര്‍ പ്രതീക്ഷകളും ബംഗ്ലാദേശ് നിലനിര്‍ത്തി. ആദ്യ കളിയില്‍ ശ്രീലങ്കയോടു തോറ്റതിനാല്‍ അവര്‍ക്കു ഈ കളിയില്‍ ജയം അനിവാര്യമായിരുന്നു. അവര്‍ അതു നേടിയെടുക്കുകയു ചെയ്തു.
ബംഗ്ലാദേശിന്റെ ഇന്നിങ്സ് കഴിഞ്ഞപ്പോള്‍ തന്നെ അഫ്ഗാന് പരാജയം മണത്തിരുന്നു. എന്തെങ്കിലും അദ്ഭുതങ്ങള്‍ സംഭവിച്ചാല്‍ മാത്രമേ അവര്‍ക്കു നേരിയ വിജയ സാധ്യതയുണ്ടായിരുന്നുള്ളൂ. കാരണം 335 റണ്‍സെന്ന ഏറെക്കുറെ അസാധ്യായ വമ്പന്‍ വിജയലക്ഷ്യമാണ് അഫ്ഗാന് ബംഗ്ലാദേശ് നല്‍കിയത്. കളിയുടെ ഒരു ഘട്ടത്തില്‍പ്പോലും വിജയപ്രതീക്ഷ നല്‍കാതിരുന്ന അഫ്ഗാന് 44.3 ഓവറില്‍ 245 റണ്‍സെടുത്ത് മല്‍സരം അടിയറ വയ്ക്കുകയായിരുന്നു.
ഓപ്പണര്‍ ഇബ്രാഹിം സദ്രാനും (75) ക്യാപ്റ്റന്‍ ഹഷ്മത്തുള്ള ഷാഹിദിയും (51) ഫിഫ്റ്റികളോടെ പൊരുതിനോക്കിയെങ്കിലും മറ്റുള്ളവരുടെ ഭാഗത്തു നിന്നും കാര്യമായ സംഭവനകള്‍ ലഭിച്ചില്ല. റഹ്മത്ത് ഷാ 33 റണ്‍സും വാലറ്റത്ത് റാഷിദ് ഖാന് 24 റണ്‍സുമെടത്തു. ബംഗ്ലാദേശിനായി ടസ്കിന് അഹമ്മദ് നാലും ഷൊരിഫുല്‍ ഇസ്ലാം മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി. എങ്കിലും അഫ്ഗാന്റെ സൂപ്പര്‍ ഫോര്‍ സാധ്യത അവസാനിച്ചിട്ടില്ല. അടുത്ത കളിയില്‍ ലങ്കയെ വീഴ്ത്താനായാല്‍ അഫ്ഗാന് സൂപ്പര്‍ ഫോര്‍ സാധ്യതയുണ്ട്.
ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ബംഗ്ലാദേശ് അഞ്ചു വിക്കറ്റ് നഷ്ടത്തിലാണ് 334 റണ്‍സെന്ന കൂറ്റന്‍ ടോട്ടല്‍ പടുത്തുയര്‍ത്തിയത്. മെഹ്ദി ഹസന് മിറാസിന്റെയും (112) നജ്മുല്‍ ഹുസൈന് ഷാന്റോയുടെയും (104) തകര്‍പ്പന്‍ സെഞ്ച്വറികള്‍ ടീമിനെ വലിയ സ്കോറിലെത്തിക്കുകയായിരുന്നു.
ഇരുവരുടെയും ഏകദിന കരിയറിലെ രണ്ടാമത്തെ സെഞ്ച്വറി കൂടിയണിത്. 119 ബോളില്‍ ഏഴു ഫോറും മൂന്നു സിക്സറുമടക്കം 112 റണ്‍സെടിത്ത മെഹ്ദി റിട്ടയേര്‍ഡ് ഹര്‍ട്ടാവുകയായിരുന്നു. ഷാന്റോ 105 ബോളില്‍ ഒമ്പതു ഫോറുകളും രണ്ടു സിക്സറുമടിച്ചു.
ക്യാപ്റ്റന്‍ ഷാക്വിബുല്‍ ഹസന് (18 ബോളില്‍ 32*), മുഹമ്മദ് നയീം (32 ബോളില്‍ 28), മുഷ്ഫിഖുര്‍ റഹീം (15 ബോളില്‍ 25) എന്നിവരാണ് ബംഗ്ലദേശിന്റെ മറ്റു പ്രധാന സ്കോറര്‍മാര്‍. 11ാം ഓവറില്‍ ബംഗ്ലാദേശ് രണ്ടിനു 63 റണ്‍സെന്ന നിലയിലായിരുന്നു. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന മെഹ്ദി- ഷാന്റോ സഖ്യം ഡബിള്‍ സെഞ്ച്വറി കൂട്ടുകെട്ടുമായി മല്‍സരം അഫ്ഗാനില്‍ നിന്നും തട്ടിയെടുത്തു. 215 റണ്‍സാണ് ഇരുവരും ചേര്‍ന്നു ടീം സ്കോറിലേക്കു കൂട്ടിച്ചേര്‍ത്തത്.
![]()
