തിരുവനന്തപുരം: ചേരാനെല്ലൂര്‍ വാഹനാപകടവുമായി ബന്ധപ്പെട്ട പൊലീസ് വീഴ്ചയില്‍ കര്‍ശന നടപടി തുടര്‍ന്ന് സര്‍ക്കാര്‍. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാറിനെ മാറ്റി. ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. പകരം ദക്ഷിണമേഖല ഐജിയായ ആര് നിശാന്തിനി ഐപിഎസിനെ പുതിയ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായി നിയമിച്ചു. ചേരാനല്ലൂർ കണ്ടെയ്നർ റോഡിൽ അഡീഷണൽ ജഡ്ജിയുടെ പതിനേഴുകാരനായ മകൻ ഓടിച്ച ബെൻസ് കാറിടിച്ച് മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണൻ മരിച്ച സംഭവത്തിൽ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചകളെ തുടർന്നാണ് ഈ അടിയന്തര നടപടി.
ചേരാനെല്ലൂര്‍ വാഹനാപകടവുമായി ബന്ധപ്പെട്ട പൊലീസ് വീഴ്ചയില്‍ ഇന്നലെ നാല് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിരുന്നു. എസ്എച്ച്ഒ ഉള്‍പ്പെടെ നാല് പൊലീസുകാരെയാണ് സസ്പെന്‍ഡ് ചെയ്തത്. സിഐ ശ്യാംകുമാര്‍, എസ്എച്ച്ഒ വിശ്വജിത്ത്, സിപിഒ അരുണ്‍, എഎസ്ഐ മനോജ് എന്നിവര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്. സംഭവം കൈകാര്യം ചെയ്തതില്‍ പൊലീസിന് വീഴ്ച സംഭവിച്ചെന്ന് മന്ത്രി രമേശ് ചെന്നിത്തല നിയമ സഭയിൽ പറഞ്ഞിരുന്നു.
