ദമ്മാം: 34 വർഷത്തെ പ്രവാസമവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഒ.ഐ.സി.സി. നേതാവ് ആർ. യു. സക്കീർ ഹുസൈന് ഒ.ഐ.സി.സി. ഈസ്റ്റേൺ പ്രോവിൻസിന്റെ നേതൃത്വത്തിൽ ഹൃദ്യമായ യാത്രയയപ്പ് നൽകി. കോൺഗ്രസ് പ്രസ്ഥാനത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധതയും ദീർഘകാലത്തെ സംഘടനാ പ്രവർത്തനവും കൊണ്ട് സഹപ്രവർത്തകരുടെ ഹൃദയങ്ങളിൽ ഇടം നേടിയ സഹപ്രവർത്തകനുള്ള ആദരവായി യാത്രയയപ്പ് ചടങ്ങ്.
തൃശ്ശൂർ ജില്ലയിലെ തളിക്കുളം പത്താം കല്ല് സ്വദേശിയായ ആർ. യു. സക്കീർ ഹുസൈൻ കെ.എസ്.യു., യൂത്ത് കോൺഗ്രസ് സംഘടനകളിലൂടെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച ശേഷമാണ് സൗദി അറേബ്യയിലെ ദമ്മാമിലെത്തിയത്. തുടർന്ന് പ്രവാസലോകത്തെ കോൺഗ്രസ് സംഘടനകളിൽ ദീർഘകാലം സജീവമായി പ്രവർത്തിച്ച അദ്ദേഹം, ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആശയാദർശങ്ങളോടുള്ള ആത്മബന്ധം ജീവിതത്തിലുടനീളം കാത്തുസൂക്ഷിച്ചു.
പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുമ്പോഴും ത്രിവർണ പതാകയുടെ കാവൽക്കാരനായി മരണംവരെ തുടരുമെന്ന ഉറച്ച പ്രഖ്യാപനമാണ് സക്കീർ ഹുസൈൻ നടത്തിയത്. തന്റെ ചിന്തകളിലും പ്രവർത്തനങ്ങളിലും എന്നും ഇന്ത്യൻ നാഷണൽ കോൺഗ്രസിനോടുള്ള പ്രതിബദ്ധതയും സ്നേഹവുമാണ് നിറഞ്ഞുനിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ഭൂമിശാസ്ത്രപരമായ അകലം സംഘടനയോടുള്ള ആത്മബന്ധത്തിന് തടസ്സമാകില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വർഷങ്ങളായുള്ള സംഘടനാ ബന്ധങ്ങളും സൗഹൃദങ്ങളും ഓർമകളും പങ്കുവെച്ച ചടങ്ങ് വികാരനിർഭരമായ അന്തരീക്ഷത്തിലാണ് നടന്നത്. കോൺഗ്രസ് പ്രസ്ഥാനത്തോടുള്ള സക്കീർ ഹുസൈന്റെ ആത്മാർഥതയും സംഘടനയ്ക്കായി നടത്തിയ പ്രവർത്തനങ്ങളും നേതാക്കൾ അനുസ്മരിച്ചു.
ഒ.ഐ.സി.സി. ഈസ്റ്റേൺ പ്രോവിൻസ് പ്രസിഡന്റ് ഇ.കെ. സലീം, ജനറൽ സെക്രട്ടറി ഷിഹാബ് കായംകുളം, ട്രഷറർ പ്രമോദ് പൂപ്പാല, ഗ്ലോബൽ കമ്മിറ്റി അംഗം ഹനീഫ് റൗത്തർ, പി.കെ അബ്ദുൽ കരിം, സി ടി ശശി ആലൂർ, സക്കീർ പറമ്പിൽ, നിഷാദ് കുഞ്ചു, ആസിഫ് താനൂർ, രാധികാ ശ്യാപ്രകാശ്, മനോജ് കെ.പി, യഹിയ കോയ, ബിനു പി ബേബി, സുരേഷ് മണ്ണറ, അൻവർ സാദിഖ്, തോമസ് തൈപ്പറമ്പിൽ, ശ്യാം പ്രകാശ്, ഗഫൂർ വണ്ടൂർ, മുസ്തഫ നണിയൂർ നമ്പറം, മനോജ് കാക്കൂർ, സജൂബ് അബ്ദുൽ ഖാദർ, രാജേഷ് സി.വി, എബി അടൂർ, ജോജി ജോസഫ്, വി മുരളീധരൻ, സുബൈർ പാറയ്ക്കൽ, ഷിബു ശ്രീധരൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
