റിയാദ് : റിയാദ് തലശ്ശേരി മണ്ഡലം വെൽഫെയർ അസോസിയേഷൻ സംഘടിപ്പിച്ച തലശ്ശേരി ബാഡ്മിന്റൺ ലീഗ് സീസൺ 5 ഒക്ടോബർ 9 വെള്ളിയാഴ്ച റിയാദിലെ റായിദ് പ്രൊ കോർട്ട്ൽ നടന്നു. പുരുഷന്മാരുടെ ഫ്ലൈറ്റ് 1, ഫ്ലൈറ്റ് 2, ബോയ്സ് ഡബിൾസ്, ഗേൾസ് സിംഗിൾസ് വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളിൽ മികച്ച പങ്കാളിത്തവും ആവേശകരമായ പോരാട്ടങ്ങളും ശ്രദ്ധേയമായി. കുടുംബങ്ങളടക്കമുള്ള വലിയൊരു പ്രേക്ഷകസാന്നിധ്യവും ടൂർണമെന്റിന് മാറ്റുകൂട്ടി.
പുരുഷന്മാരുടെ ഫ്ലൈറ്റ് 1 വിഭാഗത്തിൽ 12 ടീമുകൾ നാലു ഗ്രൂപ്പുകളിലായി മത്സരിച്ചു. ഏറെ ആവേശം നിറഞ്ഞ ഫൈനലിൽ ഷുഹൈബ് കക്കോട്ട് പുതിയപുരയിൽ – നസീർ ഇസ്മയിൽ സഖ്യം ഷഫീക്ക് വി.സി – സ്വാലിഹ് സഖ്യത്തെ 2-1ന് പരാജയപ്പെടുത്തി ചാമ്പ്യന്മാരായി.
ഫ്ലൈറ്റ് 2 വിഭാഗത്തിൽ 18 ടീമുകൾ ആറു ഗ്രൂപ്പുകളിലായി മത്സരിച്ചു. ഫൈനലിൽ റിയാസ് ഇ.വി – മുഹമ്മദ് റംഷാദ് സഖ്യം സമാൽ അബ്ദുൽ ഗഫൂർ – റസൽ കേളോത്ത് സഖ്യത്തെ 2-1ന് തോൽപ്പിച്ച് ജേതാക്കളായി.
ബോയ്സ് ഡബിൾസ് വിഭാഗത്തിൽ ആറു ടീമുകളാണ് പങ്കെടുത്തത്. ഫൈനലിൽ യുവിൻ അഭിലാഷ് – റക്കാൻ ജംഷീദ് സഖ്യം ഇഹാൻ ജഫ്ഷിദ് – റെഹാൻ റഫ്സാദ് സഖ്യത്തെ 2-0ന് പരാജയപ്പെടുത്തി ചാമ്പ്യന്മാരായി. സ്കോർ 15-13, 17-15.
ഗേൾസ് സിംഗിൾസ് വിഭാഗത്തിൽ ആറു താരങ്ങൾ പങ്കെടുത്തു. ഫൈനലിൽ ആയില ഹാരിഫ് ഹവ്വ അബ്ദുൽ ഫത്താഹിനെ 10-2, 10-2 എന്ന സ്കോറിൽ പരാജയപ്പെടുത്തി ജേതാവായി.
മത്സരദിനത്തിൽ ഒരുക്കിയ പ്രത്യേക ഫുഡ് കൗണ്ടറിൽ തലശ്ശേരിയുടെ വിവിധ പലഹാരങ്ങളോടൊപ്പം തനത് തലശ്ശേരി ബിരിയാണിയും ഒരുക്കിയിരുന്നു. കളിയോടൊപ്പം തലശ്ശേരിയുടെ രുചിപ്പാരമ്പര്യവും അനുഭവിക്കാൻ അവസരമൊരുക്കിയ ഫുഡ് കൗണ്ടർ കുടുംബപ്രേക്ഷകരുടെ സാന്നിധ്യത്തിന് കൂടുതൽ നിറം നൽകി.
വിജയികൾക്ക് ടി എം ഡബ്ലിയു എ റിയാദ് പ്രസിഡന്റ് അൻവർ സാദത്ത് കാത്താണ്ടി, വൈസ് പ്രസിഡന്റുമാരായ അഫ്താബ് അമ്പിലായിൽ, അബ്ദുൽ ലത്തീഫ് നടുക്കണ്ടി മീത്തൽ, ജനറൽ സെക്രട്ടറി ഷമീർ തീക്കൂക്കിൽ എന്നിവർ ചേർന്ന് സമ്മാനദാനം നിർവഹിച്ചു. എസ്സാർ കാത്താണ്ടി നന്ദി രേഖപ്പെടുത്തി. ട്രഷറർ നജാഫ് മുഹമ്മദ് പരിപാടി നിയന്ത്രിച്ചു
ടൂർണമെന്റിന്റെ തുടക്കം മുതൽ അവസാന മത്സരം വരെ ആവേശകരമായ മത്സരങ്ങളും കുടുംബസൗഹൃദ അന്തരീക്ഷവും മികച്ച സംഘാടനവും കൊണ്ട് തലശ്ശേരി ബാഡ്മിന്റൺ ലീഗ് സീസൺ 5 ശ്രദ്ധേയമായി. മികച്ച നിലവാരത്തിലുള്ള മത്സരങ്ങളോടൊപ്പം സമൂഹാംഗങ്ങളുടെ സജീവ പങ്കാളിത്തം കൂടി ചേർന്നതോടെ തലശ്ശേരി ബാഡ്മിന്റൺ ലീഗിന്റെ അഞ്ചാം സീസൺ ഓർമ്മിക്കപ്പെടുന്ന കായികമേളയായി മാറി.
