കോതമംഗലം: പ്രവാസികളുടെയും നാടിന്റെയും സ്നേഹക്കൂട്ടായ്മയായ ‘ഇടം’ പ്രവാസി കൂട്ടായ്മയുടെ വാർഷിക പൊതുയോഗവും പൊന്നോണാഘോഷവും കോതമംഗലം നള ഓഡിറ്റോറിയത്തിൽ വിപുലമായ പരിപാടികളോടെ നടന്നു. കോതമംഗലം എംഎൽഎ ഷിബു തെക്കുംപുറം പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. പ്രവാസലോകത്തെ അനുഭവങ്ങളും നാടുമായുള്ള ആത്മബന്ധവും കാത്തുസൂക്ഷിക്കാൻ ഇത്തരം കൂട്ടായ്മകൾ വഹിക്കുന്ന പങ്ക് വലുതാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
ഇടം എക്സിക്യൂട്ടീവ് അംഗം സജീന വി എസ് അധ്യക്ഷനെ വേദിയിലേക്ക് ക്ഷണിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് ഷൗകത്ത് അലി അധ്യക്ഷത വഹിച്ചു. ഇടം സെക്രട്ടറി സിജിൻ കൂവള്ളൂർ സ്വാഗതം ആശംസിച്ചു. സംഘടനയുടെ പുതിയ ഭാരവാഹികളെ സെക്രട്ടേറിയറ്റ് അംഗം അജിൽസ് ഒ. ജമാൽ ചടങ്ങിൽ പ്രഖ്യാപിച്ചു. തുടർന്ന് സംഘടനയുടെ പുതിയ ഭാരവാഹികളെ സെക്രട്ടേറിയറ്റ് അംഗം അജിൽസ് ഒ. ജമാൽ ചടങ്ങിൽ പ്രഖ്യാപിച്ചു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകൾക്കുള്ള മെമന്റോകൾ എംഎൽഎ വിതരണം ചെയ്തു. സി.പി.ഐ.(എം) പല്ലാരിമംഗലം ലോക്കൽ സെക്രട്ടറി ശ്രീ. എം. അബൂബക്കർ ചടങ്ങിൽ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. യോഗത്തിന് ജോയിന്റ് ട്രഷറർ ഷാജഹാൻ ഹസൈനാർ നന്ദി രേഖപ്പെടുത്തി.
ഔദ്യോഗിക പരിപാടികൾക്ക് ശേഷം അംഗങ്ങൾക്കായി വിഭവസമൃദ്ധമായ ഓണസദ്യ ഒരുക്കിയിരുന്നു. കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ കലാ-കായിക മത്സരങ്ങളും അരങ്ങേറി. പ്രവാസി കുടുംബാംഗങ്ങളുടെ സജീവ പങ്കാളിത്തം കൊണ്ട് ഈ സ്നേഹസംഗമം ഏറെ ശ്രദ്ധേയമായി.
![]()
